army

ന്യൂഡൽഹി: ദക്ഷിണേന്ത്യയിൽ ഭീകരാക്രമണത്തിന് സാദ്ധ്യതതയെന്ന് സെെന്യം അറിയിച്ചു. കരസേനാ ദക്ഷിണേന്ത്യൻ കമാൻഡറാണ് ഇക്കാര്യം അറിയിച്ചത്. ഉപേക്ഷിച്ച ബോട്ടുകൾ ഗുജറാത്തിൽ നിന്ന് കണ്ടെത്തിയതായും, ബോട്ടുകൾ നിരീക്ഷണത്തിലാണെന്നും മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്തും നേരിടാൻ സൈന്യം സജ്ജമാണെന്നും കരസേനയുടെ ദക്ഷിണ കമാൻഡ് മേധാവി ലഫ്.ജനറൽ എസ്.കെ സെയിനി അറിയിച്ചു.

നേരത്തെ, ആഗോളഭീകരനായ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ പാകിസ്ഥാൻ രഹസ്യമായി മോചിപ്പിച്ചതായും ഇന്ത്യയിൽ വൻഭീകരാക്രമണം നടത്താൻ പാകിസ്ഥാൻ പദ്ധതിയിടുന്നതായും ഇന്റലിജൻസ് ബ്യൂറോ മുന്നറിയിപ്പ് നൽകിയിരുന്നു. രാജസ്ഥാന് സമീപം അതിർത്തിയിൽ പാകിസ്ഥാൻ സൈന്യത്തെ വൻ തോതിൽ വിന്യസിച്ചിരിക്കുകയാണെന്നും രഹസ്യാന്വേണ ഏജൻസികളുടെ റിപ്പോർട്ടുണ്ട്.

പുൽവാമ ഭീകരാക്രമണത്തിന് ശേഷം അസ്ഹർ കരുതൽ തടങ്കലിൽ ആണെന്നായിരുന്നു പാകിസ്ഥാന്റെ വാദം. ഇന്റലിജൻസ് ബ്യൂറോയുടെ മുന്നറിയിപ്പിനെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യത്ത് അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിൽ സുരക്ഷാസേനകൾ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കാശ്‌മീരിന്റെ പ്രത്യേക പദവി എടുത്ത കള‌ഞ്ഞതിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്ത് വൻ ഭീകരാക്രമണത്തിന് പാകിസ്ഥാൻ പദ്ധതിയിടുന്നുണ്ടെന്ന റിപ്പോർട്ട് ലഭിക്കുന്നത്. കാശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്കൊപ്പമാണ് ലോകരാജ്യങ്ങൾ. കാശ്മീർ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന നിലപാട് ഐക്യരാഷ്ട്ര സംഘടന ഉൾപ്പെടെ സ്വീകരിച്ചതിനെ തുടർന്ന് ഏതു വിധേനയേയും തിരിച്ചടിക്കുമെന്ന് പാകിസ്ഥാൻ അവകാശപ്പെട്ടിരുന്നു. കാശ്മീർ വിഷയത്തിൽ നിന്നും കേന്ദ്ര സർക്കാരിന്റെ ശ്രദ്ധ തിരിക്കാനാണ് പാകിസ്ഥാൻ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടുന്നതെന്ന് ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

മസൂദ് അസ്ഹറിന്റെ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് 2001ൽ ഇന്ത്യൻ പാർലമെന്റ് മന്ദിരത്തിൽ ആക്രമണം നടത്തിയിരുന്നു. പുൽവാമയിൽ 40 ജവാൻമാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ സൂത്രധാരനും മസൂദ് തന്നെയാണ്. കഴിഞ്ഞ മേയിലാണ് മസൂദിനെ യു.എൻ രക്ഷാ സമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. 1994ൽ കാശ്മീരിലെ അനന്ത്നാഗിൽ വച്ച് ഇന്ത്യൻ സൈന്യം മസൂദിനെ പിടികൂടിയിരുന്നു. എന്നാൽ 1999ൽ ഭീകരർ കാണ്ഡഹാറിൽ വിമാനം റാഞ്ചുകയും മസൂദ് അടക്കമുള്ള ഭീകരരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. കടുത്ത സമ്മർദ്ദത്തെ തുടർന്ന് സർക്കാറിന് മസൂദ് അസ്ഹറിനെ മോചിപ്പിക്കേണ്ടി വന്നു.