ഗതാഗതനിയമ ലംഘനങ്ങളുടെ പേരിലുള്ള പിഴ അഞ്ചും പത്തും ഇരട്ടിയായി വർദ്ധിപ്പിച്ച് ജനങ്ങളെ ദ്റോഹിക്കുന്ന കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത് മരവിപ്പിക്കാനുള്ള സർക്കാർ നിലപാട് ഉചിതമായി.ജനങ്ങളുടെ നെഞ്ചത്തടിക്കുന്ന ഈ നടപടിക്കെതിരെ നാടെമ്പാടും വ്യാപകമായ പ്രതിഷേധമാണ് ഉയർന്നുവന്നത്.വൈകിയാണെങ്കിലും ബ്യൂറോക്രസിയുടെ താളത്തിനു തുള്ളാതെ സാധാരണക്കാരന്റെ മനസറിയാൻ ഭരണനേതൃത്വം മുതിർന്നത് അഭിനന്ദനമർഹിക്കുന്നു.പൊതുവേ ഇത്തരം വിഷയങ്ങളെ ആവശ്യമില്ലാത്ത അഭിമാനപ്രശ്നമാക്കി മാറ്റുകയും വേണ്ടാത്ത പിടിവാശിയോടെ ഒൗചിത്യം വെടിഞ്ഞ് പ്രവർത്തിക്കുന്നതുമാണ് കണ്ടുവരാറുള്ളത്.
ഭരണത്തിന് നേതൃത്വം നൽകുന്ന മുഖ്യകക്ഷിയായ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി ശ്രീ.കോടിയേരി ബാലകൃഷ്ണൻ ഇക്കാര്യത്തിൽ ജനപക്ഷത്തുനിന്ന് നടത്തിയ അഭിപ്രായ പ്രകടനം എടുത്തു പറയാതിരിക്കാൻ കഴിയില്ല.കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം ഉയർന്ന പിഴയീടാക്കാനുള്ള തീരുമാനം വിപരീത ഫലമേ ഉളവാക്കുകയുള്ളൂവെന്ന് പറഞ്ഞ അദ്ദേഹം പിഴത്തുക കൂടുമ്പോൾ പരിശോധകർക്ക് പണം കൊടുത്ത് ഊരിപ്പോരാൻ ആളുകൾ നോക്കുമെന്നും വലിയ അഴിമതിക്കത് അവസരമൊരുക്കുമെന്നും തുറന്നടിച്ചു.സർക്കാർ തീരുമാനത്തിൽ നിന്ന് പിന്തിരിയണമെന്നും കോടിയേരി ആവശ്യപ്പെട്ടിരുന്നു.
പൊട്ടിപ്പൊളിഞ്ഞ റോഡുകളിൽ നിത്യവും ജനജീവിതം പൊലിഞ്ഞു വീഴുമ്പോഴാണ് ഗതാഗത നിയമലംഘനമെന്ന ഉമ്മാക്കികാട്ടി കൊള്ളപ്പിരിവിന് ഏമാൻമാർ റോഡിലിറങ്ങിയത്.പിരിവിന്റെ പേരിൽ പലയിടത്തും ക്രമസമാധാനപ്രശ്നവും ഉണ്ടായി.അധികബാദ്ധ്യത ഉണ്ടാക്കുന്നതിനാൽ ആറു സംസ്ഥാനങ്ങൾ ഈ നിയമഭേദഗതി നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.നാഴികയ്ക്കു നാല്പതുവട്ടം കേന്ദ്രത്തെ കുറ്റം പറയുന്ന കേരള സർക്കാരാകട്ടെ ഒരുവട്ടം പോലും ആലോചിക്കാതെ ജനവിരുദ്ധമായ ഈ തീരുമാനം നടപ്പിലാക്കാനായി എടുത്തു ചാടുകയായിരുന്നു.വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കാനോ ജനങ്ങൾക്ക് അത് എത്രമാത്രം ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് മനസിലാക്കാനോ നോക്കാതെ ഉദ്യോഗസ്ഥർ പറയുന്നതിനെല്ലാം ഒപ്പം നിന്നതിനാലാണ് ആവശ്യമില്ലാത്ത പഴി ഇപ്പോൾ കേൾക്കേണ്ടിവന്നത്.തീരുമാനം മരവിപ്പിക്കുമെന്ന സ്ഥിതിവന്നപ്പോൾ നിയമഭേദഗതിയാൽ ജനങ്ങളെല്ലാം മര്യാദാരാമൻമാരായെന്ന പുതിയ കണക്കുമായി മോട്ടോർവാഹനവകുപ്പ് രംഗത്ത് വന്നിട്ടുണ്ട്.
ദക്ഷിണേന്ത്യയിൽ ബി.ജെ.പി ഭരിക്കുന്ന കർണാടകത്തിൽ മാത്രമാണ് പിഴ വർദ്ധന നാമമാത്രമായെങ്കിലും അംഗീകരിച്ചത്. ട്രാഫിക് പൊലീസുകാർ റോഡിൽ കണക്കുപറഞ്ഞ് പിരിവ് തുടങ്ങിയതോടെ അവിടെയും വൻപ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്.മദ്ധ്യപ്രദേശ്,പഞ്ചാബ്, രാജസ്ഥാൻ ,തമിഴ്നാട്,തെലുങ്കാന ,ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ജനങ്ങളുടെ പോക്കറ്റടിക്കുന്ന ഈ തീരുമാനം നടപ്പിലാക്കിയിരുന്നില്ല.എന്നാൽ കേരളത്തിന്റെ ഗതാഗത മന്ത്രി വാർത്താസമ്മേളനം നടത്തിയാണ് കേന്ദ്ര ഭേദഗതി പ്രാബല്യത്തിൽ വന്ന സെപ്തംബർ ഒന്നുമുതൽ തന്നെ ഇവിടെ നടപ്പിലാക്കുന്ന തീരുമാനം പ്രഖ്യാപിച്ചത്.സംസ്ഥാനങ്ങൾക്ക് അതത് ഇടങ്ങളിലെ സാഹചര്യത്തിനനുസരിച്ച് പിഴ വർദ്ധനയിൽ മാറ്റം വരുത്താനും തീരുമാനം നീട്ടിവയ്ക്കാനും അനുവാദമുണ്ടെന്ന് കേന്ദ്ര നിയമഭേദഗതിയിൽ വ്യക്തമായി പറഞ്ഞിരുന്നു.അതൊന്നും വായിച്ചുനോക്കാൻ പോലും മെനക്കെടാതെ ഉദ്യോഗസ്ഥർ പറഞ്ഞതിനനുസരിച്ച് കടലാസ്സിൽ ഒപ്പുവയ്ക്കുന്ന പണിയാണ് ഗതാഗത മന്ത്രി നിർവഹിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.തകർന്ന റോഡുകളിൽ ജനങ്ങൾ മണിക്കൂറുകളോളം കാത്തുകെട്ടിക്കിടക്കുമ്പോഴാണ് ഒട്ടും അനുകമ്പയില്ലാതെ നിയമം കേരളത്തിൽ നടപ്പിലാക്കിയേ അടങ്ങൂവെന്ന വാശി കാട്ടിയത്.ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന കൊച്ചി നഗരത്തെക്കുറിച്ചുള്ള വാർത്തകൾ മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്.മറ്റു സ്ഥലങ്ങളിലെയും സ്ഥിതി വ്യത്യസ്തമല്ല.
എങ്ങും കേട്ടുകേൾവിയില്ലാത്ത രീതിയിൽ പിഴത്തുകയും ശിക്ഷയും കുത്തനെ വർദ്ധിപ്പിച്ചുകൊണ്ടാണ് കേന്ദ്രം മോട്ടോർ വാഹന നിയമ ഭേദഗതി കൊണ്ടുവന്നത്.ചരക്ക് വാഹന ഉടമകളിൽ നിന്ന് ഈയിനത്തിൽ പിരിച്ചെടുക്കുന്ന തുക ജനങ്ങളുടെ തലയിലേക്ക് വിവിധ നിരക്കുവർദ്ധനയിലൂടെ തിരിച്ചു വരുമെന്ന് ആർക്കാണ് അറിയാത്തത്.നിയമലംഘനത്തിന്റെ പേരിൽ ഈടാക്കുന്ന പിഴ പുതിയൊരു വാഹനം വാങ്ങുന്നതിനു തുല്യമാകുമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ കൊണ്ടുചെന്നെത്തിച്ചത്.ജനങ്ങളുടെ ജീവിത ദുരിതങ്ങളും സാമ്പത്തിക പരാധീനതകളും മനസിലാക്കാതെയായിപ്പോയി ഈ നിയമഭേദഗതിയെന്ന് പറയാതിരിക്കാൻ കഴിയില്ല.
നിയമങ്ങൾ കൊണ്ടുവരുന്നവർ അത് നടപ്പിലാക്കുന്നതിനുമുമ്പ് റോഡുകളിലേക്ക് കൺതുറന്നു നോക്കുകയാണ് വേണ്ടത്.പൊതുനിരത്തുകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ നല്ലൊരു പങ്കും റോഡുകളുടെ ദുരവസ്ഥകൊണ്ടാണെന്ന് സാമാന്യയുക്തിയുള്ളവർക്കെല്ലാം അറിയാവുന്ന കാര്യമാണ്.റോഡുകൾ ഗതാഗത യോഗ്യമാക്കിയ ശേഷം നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പിലാക്കാനാണ് സർക്കാർ മുതിരേണ്ടത്.ബോധവത്കരണത്തിനും പ്രാധാന്യം നൽകണം.ഓണക്കാലത്ത് വാഹന ഉടമകൾക്കുനേരെ കുതിരകയറേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമെടുത്തതും നന്നായി.വാഹനങ്ങൾ ഇന്നൊരു ആഡംബരമല്ലാതായിട്ടുണ്ട്.അവശ്യകാര്യങ്ങൾക്കായി നിരത്തിലിറങ്ങുന്നവരെ തടഞ്ഞുനിറുത്തി വിചാരണചെയ്യുന്നത് അവസാനിപ്പിക്കുകയും നിയമലംഘനം കണ്ടെത്തുന്നതിന് കാമറ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക മാർഗങ്ങൾ പ്രയോജനപ്പെടുത്തുകയുമാണ് വേണ്ടത്.സംസ്ഥാനത്തെ ഗവർണറും മുഖ്യമന്ത്രിയും സഞ്ചരിക്കുന്ന തലസ്ഥാനത്തെ പ്രധാനവീഥിയിലെ കാമറകൾ പ്രവർത്തിക്കാതിരുന്നത് സമീപകാലത്ത് ഏറെ ചർച്ചയായിരുന്നു.ഉന്നത ഉദ്യോഗസ്ഥൻ പ്രതിയാക്കപ്പെട്ട കേസിൽ തെളിവ് നഷ്ടപ്പെടാൻ പോലും അതിടയാക്കിയിരുന്നു.
കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതിയിലൂടെയുള്ള കൊള്ളപ്പിരിവ് കേരളത്തിൽ വേണ്ടെന്ന് വയ്ക്കുകതന്നെ വേണം.അതോടൊപ്പം ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിൽ അലംഭാവം കാട്ടാതിരിക്കാൻ ജനങ്ങളും ജാഗ്രത പുലർത്തണം.