 ആഗസ്‌‌റ്രിൽ ഇടിവ് 23.55 ശതമാനം

ന്യൂഡൽഹി: സാമ്പത്തിക ഞെരുക്കം മൂലം വിപണിയിലേക്കുള്ള പണമൊഴുക്ക് കുറഞ്ഞതോടെ ആഗസ്‌റ്റിൽ ആഭ്യന്തര വാഹന വില്‌പന 23.55 ശതമാനം നഷ്‌ടത്തിലേക്ക് വീണു. പുതുതായി 18.21 ലക്ഷം വാഹനങ്ങളാണ് കഴിഞ്ഞമാസം നിരത്തിലെത്തിയത്. 2018 ആഗസ്‌‌റ്റിൽ വില്‌പന 23.82 ലക്ഷം യൂണിറ്റുകളായിരുന്നു എന്ന് വാഹന നിർമ്മാതാക്കളുടെ കൂട്ടായ്‌മയായ സൊസൈ‌റ്റി ഒഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സ് (സിയാം)​ വ്യക്തമാക്കി.

1997-98 മുതലാണ് സിയാം വില്‌പനക്കണക്കുകൾ രേഖപ്പെടുത്തി തുടങ്ങിയത്. അന്നുമുതൽ ഇതുവരെയുള്ള കാലയളവിലെ ഏറ്രവും മോശം വില്‌പനയാണ് ആഗസ്‌റ്രിൽ കുറിച്ചത്. പാസഞ്ചർ വാഹനങ്ങളുടെ വില്‌പന ആഗസ്‌‌റ്റിൽ 31.57 ശതമാനം ഇടിഞ്ഞ്,​ 1.96 ലക്ഷം യൂണിറ്റുകളായി. ജൂലായിൽ 30.98 ശതമാനം നഷ്‌ടം രേഖപ്പെടുത്തിയിരുന്നു. ടൂവീലർ 22.24 ശതമാനവും വാണിജ്യ വാഹനങ്ങൾ 38.71 ശതമാനവും മോട്ടോർസൈക്കിളുകൾ 22.33 ശതമാനവും സ്കൂട്ടറുകൾ 22.19 ശതമാനവും നഷ്‌ടം കഴിഞ്ഞമാസം കുറിച്ചു.

അതേസമയം,​ ആഗസ്‌റ്റിലെ രജിസ്‌ട്രേഷൻ കണക്കുകൾ നോക്കുമ്പോൾ റീട്ടെയിൽ വില്‌പന നഷ്‌ടം 4.15 ശതമാനം മാത്രമാണെന്ന് സിയാം വ്യക്തമാക്കി. 7.13 ശതമാനം നഷ്‌ടമാണ് പാസഞ്ചർ വാഹന വില്‌പനയിലുള്ളത്. ടൂവീലർ വില്‌പന 3.4 ശതമാനവും കുറഞ്ഞു.

21

കഴിഞ്ഞ 21 വർഷത്തെ ഏറ്റവും മോശം വില്‌പനയാണ് കഴിഞ്ഞമാസം ആഭ്യന്തര വാഹന വിപണി കുറിച്ചത്.

41.1%

കഴിഞ്ഞമാസം മൊത്തം പാസഞ്ചർ വാഹന വില്‌പന ഇടിവ് 31.57 ശതമാനമാണ്. പാസഞ്ചർ കാർ വില്‌പന മാത്രം 41.1 ശതമാനം ഇടിഞ്ഞു.

18.71%

ജൂലായിൽ ആഭ്യന്തര വാഹന വില്‌പന 19 വർഷത്തെ ഏറ്റവും കുറഞ്ഞ വില്‌പന കുറിച്ചിരുന്നു. 18.71 ശതമാനമായിരുന്നു ഇടിവ്.

കുറയണം,​ ജി.എസ്.ടി

വാഹനങ്ങളുടെ ജി.എസ്.ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമോ അതിൽ താഴെയോ ആയിക്കുറച്ചാൽ ആനുപാതികമായി വില കുറയുമെന്നും ഇത് ഡിമാൻഡ് മെച്ചപ്പെടുത്തുമെന്നും നിർമ്മാതാക്കൾ പറയുന്നു. ഈമാസം 20ന് ഗോവയിൽ ചേരുന്ന ജി.എസ്.ടി കൗൺസിൽ യോഗം ഇത് ചർച്ച ചെയ്‌തേക്കും.