amit-shah

ഗുവാഹത്തി: അനധികൃത കുടിയേറ്റക്കാരെ അസമിൽ നിന്ന് മാത്രമല്ല രാജ്യത്തിൽ നിന്നുതന്നെ പുറത്താക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് നിന്നും പുറത്താക്കാനുള്ള തീരുമാനം കേന്ദ്ര സർക്കാർ നയമാണെന്ന് വ്യക്തമാക്കുകയായിരുന്നു അമിത് ഷാ. ഗുവാഹത്തിയിൽ നടന്ന വടക്ക് കിഴക്കൻ ജനാധിപത്യ സഖ്യത്തിന്റെ(എൻ.ഇ.ഡി.എ) നാലാം കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. എന്നാൽ ഈ പ്രഖ്യാപനം എപ്പോൾ നടപ്പിൽ വരുത്തും എന്ന കാര്യം അമിത് ഷാ വ്യക്തമാക്കിയില്ല. ഇക്കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നു കാര്യം ഷാ സൂചിപ്പിച്ചിരുന്നു.

ഇന്നലെ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവികൾ അനുവദിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 371 കേന്ദ്രം എടുത്ത് കളയില്ലെന്നും അതിൽ തൊടുക പോലും ഇല്ലെന്നും അമിത് ഷാ പറഞ്ഞിരുന്നു. കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 പോലെയല്ല വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക പദവികളെന്നും ഇവ തമ്മിൽ ഒരുപാട് വ്യത്യാസമുണ്ടെനും അമിത് ഷാ ഞായറാഴ്ച പറഞ്ഞിരുന്നു. ദേശീയ പൗരത്വ രജിസ്റ്ററിന്റെ അവസാന പട്ടിക പുറത്ത് വന്നശേഷം ഇതാദ്യമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രി വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിക്കുന്നത്. പട്ടികയിൽ നിന്ന് 19 ലക്ഷം പേരെ പുറത്താക്കിയിരുന്നു.