kaumudy-news-headlines

1. ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാധ്യത എന്ന് സൈന്യം. കരസേന ദക്ഷിണേന്ത്യന്‍ കമാന്‍ഡന്റാണ് മുന്നറിയിപ്പ് നല്‍കിയത്. ഗുജറാത്തിലെ സര്‍ ക്രീക്കില്‍ ഉപേക്ഷിച്ച നിലയില്‍ ബോട്ടുകള്‍ കണ്ടെത്തി. മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി സൈന്യം. കഴിഞ്ഞ ആഴ്ചയും ഗുജറാത്ത് തീരം വഴി തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറിയേക്കാം എന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തുറമുഖങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു.


2. അതേസമയം, ജെയ്‌ഷെ മുഹമ്മദ് തലവനും ആഗോള ഭീകരനുമായ മസൂദ് അസറിനെ പാകിസ്ഥാന്‍ രഹസ്യമായി ജയില്‍ മോചിതനാക്കിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. രാജ്യമെമ്പാടും പാകിസ്ഥാന്‍ വന്‍ ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതി ഇടുക ആണെന്നും ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കുന്നു. ഇത് ഏകോപിപ്പിക്കാനാണ് അതീവ രഹസ്യമായി അസറിനെ ജയില്‍ മോചിതന്‍ ആക്കിയത്. രാജസ്ഥാനിന് അടുത്തുള്ള ഇന്ത്യ പാക് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ വന്‍ വിന്യാസം സൂചിപ്പിക്കുന്നത് ഇതാണെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. പുല്‍വാമ ഭീകര ആക്രമണത്തിന് ശേഷം മസൂദ് അസര്‍ കരുതല്‍ തടങ്കലില്‍ ആണെന്ന് ആയിരുന്നു പാകിസ്ഥാന്‍ പറഞ്ഞിരുന്നത്.
3. രാജ്യമെമ്പാടും അതീവജാഗ്രതാ നിര്‍ദേശമാണ് ഇതേത്തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച് ഇരിക്കുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും അധികാരങ്ങളും എടുത്തു കളഞ്ഞതിന് പിന്നാലെ ആണ് പാകിസ്ഥാന്‍ വന്‍ ആക്രമണത്തിന് ലക്ഷ്യമിടുന്നത്. ജമ്മു കശ്മീരിലെയും രാജസ്ഥാനിലെയും ബി.എസ്.എഫ് , കര, വ്യോമസേനാ ആസ്ഥാനങ്ങളിലും ബേസ് ക്യാമ്പുകളിലും ജാഗ്രത ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാകിസ്ഥാനില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും ഒരു ആക്രമണം ഉണ്ടായേക്കാം എന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.
4. ശശിതരൂര്‍ എം.പി, കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്‍മാന്‍ സ്ഥാനം രാജി വയ്ക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത അടിസ്ഥാന രഹിതം ആണെന്ന് മീഡിയ സെല്‍ കണ്‍വീനര്‍ അനില്‍ ആന്റണി. സംസ്ഥാന കോര്‍ കമ്മിറ്റി അംഗങ്ങളുടെയും കോ ഓര്‍ഡിനേറ്റര്‍മാരുടെയും യോഗത്തില്‍ തരൂര്‍ രാജി തീരുമാനം പ്രഖ്യാപിച്ചു എന്നായിരുന്നു നേരത്തെ പുറത്തു വന്ന റിപ്പോര്‍ട്ട്. രാജി തീരുമാനം വ്യക്തമാക്കി കെ.പി.സി.സി പ്രസിഡന്റിന് കത്ത് അയയ്ക്കും എന്നും അദ്ദേഹം യോഗത്തില്‍ അറിയിച്ചിരുന്നു.
5. കുട്ടികളുടെ അവകാശ സംരക്ഷണത്തെയും അവര്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതിനെയും കുറിച്ചുള്ള ബോധ വത്കരണത്തിന്റെ ഭാഗമായി ഡ്രീം റൈഡേഴ്സ് കേരളയുമായി ചേര്‍ന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ മഹാ സന്ദേശ ബൈക്ക് റാലി' സംഘടിപ്പിക്കുന്നു. റാലി സപ്തംബര്‍ 13ന് രാവിലെ 10 ന് കൂത്തുപറമ്പ് നിര്‍മലഗിരി കോളേജില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ്ഓഫ് ചെയ്യും.
6. മധ്യപ്രദേശ് കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയെ ചുമതലപ്പെടുത്തി. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയാണ് ആന്റണിയുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തിയത്. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം ആയിരുന്നു തീരുമാനം
7. എസ്.ബി.ഐ വായ്പ പലിശ വീണ്ടും കുറച്ചു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് അടിസ്ഥാനം ആക്കിയുള്ള പലിശ നിരക്കില്‍ 10 ബേസിസ് പോയന്റാണ് കുറവ് വരുത്തിയത്. ഇതോടെ വായ്പ പലിശ നിരക്ക് 8.25 ശതമാനത്തില്‍ നിന്ന് 8.15 ശതമാനമായി കുറയും. സെപറ്റംബര്‍ 10 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും
8. അസ്സമിന് പിന്നാലെ മഹാരാഷ്ട്രയിലും പൌരത്വ പട്ടിക കൊണ്ടു വരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. നവി മുംബയില്‍ തടങ്കല്‍ നിര്‍മ്മാണത്തിനും നീക്കം നടക്കുന്നു എന്നാണ് വിവരം. ഇക്കാര്യം സംബന്ധിച്ച് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രാലയം നവി മുംബയ് ആസൂത്രണ അതോറിട്ടിക്ക് കത്തയച്ചു എന്നും റിപ്പോര്‍ട്ടുകള്‍. മുംബൈയില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രം അകലെ തടങ്കല്‍ പാളയ നിര്‍മ്മാണത്തിനും നീക്കം നടക്കുന്നു എന്നാണ് മഹാരാഷ്ട്ര സിറ്റി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ വ്യത്തങ്ങള്‍ പറയുന്നത്.
9. ഐക്യരാഷ്ട്ര സഭയുടെ 74ാമത് പൊതു സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനും ഒരേ ദിവസം പ്രസംഗിക്കും. ന്യൂയോര്‍ക്കില്‍ നടക്കുന്ന യു.എന്‍ പൊതു സമ്മേളനത്തില്‍ സെപ്തംബര്‍ 27നാണ് മോദിയും ഇംറാനും സംസാരിക്കുക. സെപ്തംബര്‍ 24 മുതല്‍ 30 വരെയാണ് സമ്മേളനം നടക്കുന്നത്.