nikki-galrani

ഒമർ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമായ 'ധമാക്ക'യുടെ ലൊക്കേഷനിൽ ഉണ്ടായ രസകരമായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഷൂട്ടിങ്ങിനിടെ ചിത്രത്തിലെ നായികയായ നിക്കി ഗൽറാണിയെ നടൻ അരുൺ കുമാർ എടുത്ത് പൊക്കി കറങ്ങിയാടുന്ന രംഗത്തിലാണ് ഈ സംഭവം നടന്നത്. ഇതിന്റെ വീഡിയോ സംവിധായകൻ ഒമർ ലുലു തന്നെ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

അരുൺ ഓടിവന്ന് തന്റെ നായികയെ പൊക്കിയെടുത്ത് കറങ്ങിയ ശേഷം രണ്ടുപേരും തലയ്ക്ക് കൈയും കൊടുത്ത് നിൽക്കുന്നതായാണ് വീഡിയോയിൽ കാണുന്നത്. രണ്ടു മൂന്നു തവണ വേഗത്തിൽ കറങ്ങിയതിനാൽ തലയ്ക്ക് മന്ദത അനുഭവപെട്ടതിനാലാണ് ഇരുവരും തലയ്ക്ക് കൈ കൊടുത്തത്. ഇതിന് മുൻപ് ഈ ചിത്രത്തിൽ അഭിനയിക്കുന്നതിനായി നടനും എം.എൽ.യുമായ മുകേഷ് ഇന്ത്യൻ സൂപ്പർഹീറോ 'ശക്തിമാന്റെ' വേഷത്തിൽ നിൽക്കുന്ന ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു.

എം.കെ.നാസർ നിർമ്മിക്കുന്ന ചിത്രത്തിന്റെ 36 ദിവസം നീണ്ടുനിന്ന ആദ്യ ഷെഡ്യൂൾ ചിത്രീകരണം ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ചിത്രം നവംബറിൽ റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ പദ്ധതി. ഇതിന് മുൻപ് പുറത്തിറങ്ങിയ ഒമർ ലുലു ചിത്രം, പ്രിയാ വാര്യരും റോഷനും നായികാനായകന്മാരായി എത്തിയ 'ഒരു അഡാർ ലൗ' ആയിരുന്നു.