
തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ ഗുണ്ടാ നിയമപ്രകാരം ഷാഡോ പൊലീസ് പിടികൂടി.തിരുമല തേലിഭാഗം റ്റി.സി 19/01 ധന്യയിൽ താമസിക്കുന്ന അനു എന്നും സിംഗം എന്നു വിളിക്കുന്ന ധനേഷി(32)നെയാണ് പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. പൂജപ്പുര സ്റ്റേഷനിലടക്കം നിരവധി അടിപിടിക്കേസുകളുള്ള ധനേഷ് നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ടതിനെ തുടർന്ന് കാപ്പ നിയമപ്രകാരം എല്ലാ പതിനഞ്ച് ദിവസം കൂടുമ്പോഴും പൂജപ്പുര എസ്.എച്ച്.ഒ മുൻപാകെ ഹാജരാകണമെന്ന് ഉത്തരവുണ്ടായിരുന്നു. എന്നാൽ ഇത് ലംഘിക്കുകയും വീണ്ടും കുറ്റകൃത്യങ്ങളിലേർപ്പെട്ടതിനെയും തുടർന്നാണ് കേസെടുത്ത് ഒളിവിലായായിരുന്ന ഇയാളെ പിടികൂടിയത്.
ഗുണ്ടാപിരിവ് ചോദിച്ചിട്ട് കൊടുക്കാത്തതിനാൽ വിജയമോഹിനി മില്ലിന് സമീപം പൂജപ്പുര സ്വദേശിയെ വെട്ടിപ്പരിക്കേൽപ്പിച്ചതിനും, പുന്നയ്ക്കാമുകൾ സ്വദേശിയെ സംഘം ചേർന്ന് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതിനും, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും, പൂജപ്പുര ജയിൽ വളപ്പിലേക്ക് ഇയാളെ ആട്ടോറിക്ഷയിൽ കടത്തിവിടാത്തതിന് ജയിൽ വാർഡനെ ദേഹോപദ്രവം ഏൽപ്പിച്ച ശേഷം , ഓഫീസിനകത്ത് അതിക്രമിച്ച് കയറി ഓഫീസ് സാമഗ്രികൾ തകർത്തതിനും പൂജപ്പുര സ്റ്റേഷനിലും എൻജിനിയറിംഗ് വിദ്യാർത്ഥിയെ സംഘം ചേർന്ന് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതിനും നേമം സ്റ്റേഷനിലുമടക്കം നിരവധി കേസുകളാണ് ഇയാൾക്കെതിരെയുള്ളത്.
സിറ്റി പൊലീസ് കമ്മിഷണർ എം.ആർ. അജിത്തിന്റെ നിർദ്ദേശപ്രകാരം ഡി.സി.പി ആർ.ആദിത്യ, ജില്ലാ ക്രൈംബ്രാഞ്ച് എ.സി. സന്തോഷ്, പൂജപ്പുര എസ്.എച്ച്.ഒ പ്രേംകുമാർ, എസ്.ഐ. ഉമേഷ്, ഷാഡോ ടീമാംഗങ്ങൾ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.