kamal
KAMAL

ഭോപ്പാൽ: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടർന്ന് നടന്ന സിക്ക് വിരുദ്ധ കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമൽനാഥിനെതിരെ അന്വേഷണം. കലാപത്തിൽ പുനരന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയതിനെത്തുടർന്ന് പ്രത്യേക അന്വേഷണ സംഘം (എസ്‌.ഐ.ടി) കേസ് നടപടികൾ ആരംഭിച്ചു. കമൽനാഥിനെതിരായ പുതിയ തെളിവുകൾ എസ്‌.ഐ.ടി പരിഗണിക്കും.

1984ലെ സിക്ക് വംശഹത്യയിൽ ആരോപണ വിധേയനായ കമൽനാഥിനെതിരെ നിയമനടപടികൾ ആരംഭിച്ചതായി ശിരോമണി അകാലിദൾ നേതാവും ഡൽഹി സിക്ക് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി അദ്ധ്യക്ഷനുമായ മൻജിന്ദർ സിംഗ് സിർസ ട്വീറ്റിലൂടെ വ്യക്തമാക്കി. '' അകാലിദളിന്റെ വലിയ വിജയമാണിത്. കഴിഞ്ഞ വർഷം നൽകിയ പരാതി പ്രകാരം കമൽനാഥിനെതിരായ കേസ് നമ്പർ 601/84 പുനരാരംഭിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നു. പുതിയ തെളിവുകൾ പരിഗണിച്ചാണ് കമൽനാഥിനെതിരായ അന്വേഷണം. കോൺഗ്രസ് നേതാവിനെതിരെ ഹാജരാകാൻ രണ്ട് സാക്ഷികൾ തയ്യാറാണ്."- സിർസ ട്വിറ്ററിൽ കുറിച്ചു. ഞങ്ങൾ ഇന്ന് സാക്ഷികളോട് സംസാരിച്ചു. എസ്‌.ഐ.ടി വിളിക്കുമ്പോഴെല്ലാം ഹാജരാകാമെന്ന് അവർ സമ്മതിച്ചിട്ടുണ്ട്. സംസാരിക്കാൻ സമയം നൽകുമെന്ന് ഞങ്ങൾക്ക് എസ്‌.ഐ.ടി ഉറപ്പ് നൽകിയെന്നും സിർസ പറഞ്ഞു. രണ്ട് സാക്ഷികൾക്കും സുരക്ഷ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡൽഹിയിലെ ഗുരുദ്വാര റകബ്ഗഞ്ചിന് പുറത്ത് നടന്ന കലാപത്തിൽ കമൽനാഥ് പങ്കെടുത്തതായാണ് അകാലിദളിന്റെ ആരോപണം. സിക്കുകാർക്ക് നീതി ലഭിക്കാനായി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും കമൽനാഥിനെ നീക്കാൻ കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയോട് സിർസ അഭ്യർത്ഥിച്ചു. കൊലയ്ക്കും കൊള്ളയ്ക്കുമായെത്തിയ സംഘങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകിക്കൊണ്ട്, അക്രമം നടന്ന പലയിടങ്ങളിലും വെള്ള കുർത്തയും പൈജാമയും ധരിച്ച്‌ കമൽനാഥിനെ കണ്ടിരുന്നതായാണ് നേരത്തേ ആരോപണമുയർന്നത്. എന്നാൽ,​ ഇരകൾക്ക് ആശ്വാസം നൽകുന്ന പ്രവർത്തനങ്ങളിലായിരുന്നു അന്നു താൻ ഏർപ്പെട്ടിരുന്നത് എന്നാണ് ആരോപണങ്ങളോട് കമൽനാഥ് പ്രതികരിച്ചത്. അതേസമയം, അഗ്സ്റ്റ വെസ്റ്റ്ലാൻഡ് ഇടപാടുമായി ബന്ധപ്പെട്ട് കമൽനാഥിന്റെ അനന്തരവൻ രുതുൽപുരിയെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.

 ബ്ലൂസ്റ്റാറിൽ തുടങ്ങി കലാപത്തിലവസാനിച്ചു

1984ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ തന്റെ സിക്ക് വംശജരായ അംഗരക്ഷകർ വധിച്ചതിന് പിന്നാലെയാണ് സിക്ക് വിരുദ്ധ കലാപം ഉണ്ടായത്. ഡൽഹി, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി പടർന്നു പിടിച്ച സിക്ക് വിരുദ്ധ കലാപത്തിൽ 3325 പേരാണ് കൊല്ലപ്പെട്ടത്. ഡൽഹിയിൽ മാത്രം 2733 പേർ കൊല്ലപ്പെട്ടിരുന്നു. സ്വതന്ത്ര സിക്ക് രാജ്യമായ ഖാലിസ്ഥാന്റെ രൂപീകരണത്തിനായി പ്രക്ഷോഭം നടത്തുന്ന കലാപകാരികളെ നേരിടാനാണ് ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്ന പേരിൽ സിക്കുകാരുടെ പുണ്യക്ഷേത്രമായ സുവർണക്ഷേത്രത്തിൽ സൈനിക നടപടി കൈക്കൊണ്ടത്. അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയോടുള്ള പകയായിരുന്നു ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെ അനന്തരഫലം.