ന്യൂയോർക്ക്: കൈവിട്ടെന്ന് കരുതിയിടത്ത് നിന്ന് വീണ്ടും റാഫയുടെ തകർപ്പൻ തിരിച്ചുവരവ്. ചെറുപ്പത്തിന്റെ കരുത്തിൽ നിരന്തരം വെല്ലുവിളി ഉയർത്തിയ റഷ്യൻ താരം ഡനിൽ മെദ്വെദെവിനെ പരിചയ സമ്പത്തിന്റെയും പോരാട്ട വീര്യത്തിന്റെയും മികവിൽ മറികടന്ന് സ്പാനിഷ് സെൻസേഷൻ റാഫേൽ നദാൽ യു.എസ്. ഓപ്പൺ ഗ്ലാൻഡ്സ്ലാം പുരുഷ സിംഗിൾസ് കിരീടത്തിൽ മുത്തമിട്ടു. 4 മണിക്കൂറും 50 മിനിട്ടും നീണ്ട അഞ്ച് സെറ്റും കളിച്ച ഫൈനലിനൊടുവിലാണ് റാഫയുടെ സെൻസേഷണൽ കിരീട ധാരണം.
ആദ്യ രണ്ട് സെറ്റും 7-5, 6-3ന് സ്വന്തമാക്കി നദാൽ കിരീടമുറപ്പിച്ചെന്ന് കരുതിയിടത്തു നിന്ന് ഏവരേയും ഞെട്ടിച്ചുകൊണ്ട് മെദ്വെദെവിന്റെ ഉയിർത്തെഴുന്നേൽപ്പ് കണ്ട് ആർതർ ആഷെ സ്റ്റേഡിയം തരിച്ചിരുന്നു. ഗാലറിയിൽ തന്റെ തോൽവിക്കായി ആർത്തിരമ്പയ ആയിരങ്ങളുടെയും കോർട്ടിൽ മിന്നൽപ്പിണർ തീർത്ത നദാലിന്റെയും വെല്ലുവിളി അതിജീവിച്ച് അടുത്ത രണ്ട് സെറ്റും 5-7, 4-6ന് നേടി മെദ്വെദെവ് മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. എന്നാൽ പതറാതെ പോരാടിയ നദാൽ നിർണായകമായ അഞ്ചാം സെറ്റ് 6-4ന് സ്വന്തമാക്കി യു.എസ്. ഓപ്പൺ കിരീടം നാലാം തവണയും തന്റെ അക്കൗണ്ടിൽ എത്തിക്കുകയായിരുന്നു. നദാലിന്റെ 19-ാം ഗ്രാൻഡ്സ്ലാം കിരീട നേട്ടമാണിത്. എറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരിടീം നേടിയ (പുരുഷ സിംഗിൾസ്) സ്വിസ് ഇതിഹാസ താരം റോജർ ഫെഡററുടെ (20) റെക്കാഡിനടുത്തെത്താനും നദാലിനായി. തോറ്റെങ്കിലും ടെന്നിസ് പ്രേമികളുടെ മനസു നിറച്ച കളിയിലൂടെ എന്നും ഓർമ്മിക്കപ്പെടുന്ന പ്രകടനം പുറത്തെടുത്താണ് മെദ്വെദെവിന്റെ മടക്കം.
1970ന് ശേഷം യു.എസ്.ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടുന്ന ഏറ്റവും പ്രായമേറിയ താരമെന്ന നേട്ടവും നദാൽ സ്വന്തമാക്കി. 30 വയസിനു ശേഷം അഞ്ച് മേജർ കിരീടങ്ങൾ സ്വന്തമാക്കുന്ന ആദ്യ പുരുഷ താരവും നദാലാണ്.
റാഫയുടെ ഗ്രാൻഡ് സ്ലാം കിരീടങ്ങൾ
ആസ്ട്രേലിയൻ ഓപ്പൺ: 1 തവണ (2009 )
ഫ്രഞ്ച് ഓപ്പൺ: 12 തവണ ( 2005, 2006, 2007, 2008, 2010, 2011, 2012, 2013, 2014, 2017, 2018, 2019 )
വിംബിൾഡൺ: രണ്ട് തവണ ( 2008, 2010) യു.എസ് ഓപ്പൺ: 4 തവണ ( (2010, 2013, 2017, 2019)
എന്റെ ജീവിതത്തിലെ ഏറ്റവും ഇമോഷണലായ രാത്രിയായിരുന്നു ഇത്. ലോകത്തൊരു സ്റ്റേഡിയത്തിലും ഇത്രയും ഊർജ്ജസ്വലരായ കാണികളെ കണ്ടിട്ടില്ല. നിങ്ങൾ തന്ന പിന്തുണ ഒരിക്കലും മറിക്കില്ല. മെദ്വെദെവിന്റെ പ്രകടനം മഹത്തരമായിരുന്നു. കളിയുടെ ഗതിമാറ്റിയ അദ്ദേഹത്തിന്റെ പ്രകടനം അവിശ്വസനീയം ആയിരുന്നു. എന്തു കൊണ്ടാണ് അദ്ദേഹം നിലവിൽ ലോക നാലാം നമ്പർ താരമായതെന്നതിന് ഇതിനും വലിയ തെളിവില്ല.
റാഫേൽ നദാൽ
19 ഗ്രാൻഡ്സ്ലാം കിരീടം നേടുകയെന്നത് വലിയ കാര്യമാണ്. അദ്ദേഹത്തെ ഞാൻ അഭിനന്ദിക്കുന്നു. നദാലിനെതിരെ കളിക്കുകയെന്നത് എപ്പോഴും വിഷമമേറിയ കാര്യമാണ്. വളർന്നുവരുന്ന തലമുറയ്ക്ക് പ്രചോദനമാണ് നദാൽ നിങ്ങൾ. തുടക്കം മുതൽ കാണികൾ എനിക്കെതിരായിരുന്നു. പക്ഷേ നിങ്ങളുടെ പരിഹാസങ്ങ ൾ എന്നെ കൂടുതൽ കരുത്തനാക്കി. നെഗറ്റീവിനെ പോസിറ്റീവാക്കി മാറ്റുകയായിരുന്നു ഞാൻ. ഞാൻ ഇവിടെ വരെയെത്താൻ കാരണം നിങ്ങൾ ഓരോരുത്തരുമാണ്.
ഡനിൽ മെദ്വെദെവ്