ന്യൂഡൽഹി: ആജീവാനന്ത കാലത്തേക്കല്ല കോൺഗ്രസിലേക്ക് വന്നതെന്ന് ശശി തരൂർ എം.പി. സീറ്റ് ലഭിക്കുന്നതിനോ വോട്ട് നേടുന്നതിനോ വേണ്ടി മാത്രം തങ്ങളുടെ ആശയങ്ങൾ ത്യജിക്കാൻ സാധിക്കില്ലെന്ന് ശശി തരൂർ പറഞ്ഞു. ഇന്ത്യയെ അഭിവൃദ്ധിയിലേക്കും പുരോഗതിയിലേക്കും നയിക്കുന്നതിനാവശ്യമായ ആശയങ്ങളുമായി മുന്നോട്ട് പോകുന്നതിന് ഏറ്റവും നല്ല മാർഗമെന്ന നിലയിലാണ് കോൺഗ്രസിലെത്തിയത്. തന്റെ ജീവിതകാലം മുഴുവൻ കോൺഗ്രസിനൊപ്പം നിന്ന് തന്റെ ഭാവി കെട്ടിപ്പടുക്കാമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
''ആജീവനാന്തകാലത്തേക്ക് ഒരു ജോലി കരുതിയല്ല കോൺഗ്രസിലേക്ക് താൻ വന്നത്. ഇന്ത്യയുടെ അഭിവൃദ്ധിക്കും പുരോഗനോന്മുഖമായ ആശയം പങ്കുവെക്കാൻ കഴിയുന്ന ഏറ്റവും നല്ല മാർഗമെന്ന നിലക്കാണ് ഞാൻ കോൺഗ്രസിലേക്ക് വന്നത്. അതുകൊണ്ട് തന്നെ തങ്ങളുടെ ആശയങ്ങൾ കേവലം സീറ്റുകൾ ലഭിക്കാനോ വോട്ട് നേടാനോ വേണ്ടി മാത്രം ത്യജിക്കാൻ കഴിയില്ല', തരൂർ പറഞ്ഞു.
കേന്ദ്രസർക്കാരിനെ അനുകൂലിച്ച് കൊണ്ട് തുടർച്ചയായി നടത്തുന്ന പ്രസ്താവനകൾക്ക് പിന്നാലെയായിരുന്നു തരൂരിന്റെ പ്രതികരണം. ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസിന്റെ ശോചനീയവസ്ഥക്കുള്ള ഉത്തരം മൃദു ഹിന്ദുത്വം വാഗ്ദാനം ചെയ്യൽ അല്ലെന്നും അത് കോൺഗ്രസിനെ വട്ടപൂജ്യമാക്കുമെന്നും തരൂർ നേരത്തെ വ്യക്തമാക്കിയിരുന്നു.