kamal-nath-

ന്യൂഡൽഹി സിഖ് വിരുദ്ധ കലാപത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്റി കമൽനാഥിനെതിരായ ആരോപണങ്ങളിൽ അന്വേഷണം നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്റാലയം അനുമതി നൽകി. 1984ലെ സിഖ് വിരുദ്ധകലാപത്തിൽ കമൽ നാഥിനെതിരായ ആരോപണങ്ങൾ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡൽഹി സിഖ് ഗുരുദ്വാര മാനേജിംഗ് കമ്മി​റ്റി പ്രസിഡന്റ് മൻജിന്ദർ സിം സിർസയെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആരോപണങ്ങൾ പുനരന്വേഷിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ കമൽനാഥിനെ മന്ത്റിസഭയിൽ നിന്നും പുറത്താക്കണമെന്നും സിർസ ആവശ്യപ്പെട്ടതായി റിപ്പോർട്ടിലുണ്ട്. കോൺഗ്രസിലെ സിഖ് വിരുദ്ധമുഖമാണ് കമൽനാഥെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം ഇത്തരത്തിലുള്ള ആറിലധികം കേസുകൾ പുനരന്വേഷിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

കമൽനാഥിന്റെ ബന്ധു രാതുൽ പുരിയെ അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസിൽ അറസ്റ്റുചെയ്തതിന് പിന്നാലെയാണ് കമൽനാഥിനെതിരായ നീക്കവും. കഴിഞ്ഞമാസം മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തെ സി.ബി.ഐ അറസ്റ്റുചെയ്തിരുന്നു അദ്ദേഹം ഇപ്പോൾ തിഹാർ ജയിലിലാണ്.