ന്യൂഡൽഹി: റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കുകൾ പരിഷ്‌കരിക്കാൻ പ്രധാന മാനദണ്ഡമാക്കുന്ന ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള (റീട്ടെയിൽ) നാണയപ്പെരുപ്പം ആഗസ്‌റ്റിൽ പത്തു മാസത്തെ ഉയരത്തിലേക്ക് കുതിച്ചേക്കുമെന്ന് റോയിട്ടേഴ്‌സിന്റെ സർവേ വ്യക്തമാക്കി. ജൂലായിൽ റീട്ടെയിൽ നാണയപ്പെരുപ്പം 3.15 ശതമാനമായിരുന്നു. ആഗസ്‌റ്റിൽ നാണയപ്പെരുപ്പം കൂടുമെങ്കിലും റിസർവ് ബാങ്കിന്റെ 'നിയന്ത്രണ രേഖ"യായ നാല് ശതമാനത്തിന് താഴെത്തന്നെ തുടരും. ഇത്, പലിശ കുറയ്ക്കുന്ന ട്രെൻഡ് നിലനിറുത്താൻ റിസർവ് ബാങ്കിനെ നിർബന്ധിതരാക്കുമെന്നും റിപ്പോർട്ടിലുണ്ട്.
ആഗസ്‌റ്റിൽ റീട്ടെയിൽ നാണയപ്പെരുപ്പം 3.30 ശതമാനം വരെ ഉയർന്നേക്കുമെന്ന് 40ഓളം സാമ്പത്തിക വിദഗ്ദ്ധർ സർവേയിൽ വ്യക്തമാക്കി. ഭക്ഷ്യോത്‌പന്ന വില വർദ്ധനയാണ് നാണയപ്പെരുപ്പത്തെ മേലോട്ട് നയിക്കുക. തെക്ക്-പടിഞ്ഞാറൻ സംസ്‌ഥാനങ്ങളിൽ പ്രളയത്തെ തുടർന്ന് ഉത്‌പാദനത്തിലുണ്ടായ കുറവാണ് ഭക്ഷ്യവിലയെ സ്വാധീനിച്ചത്. ആഗസ്‌റ്റിലും നാണയപ്പെരുപ്പം നാല് ശതമാനത്തിന് താഴെയാണെങ്കിൽ, തുടർച്ചയായ 13-ാം മാസമായിരിക്കും അത് റിസർവ് ബാങ്കിന്റെ 'നിയന്ത്രണ രേഖ"യ്ക്ക് താഴെ തുടരുന്നത്.