india-football

ഛെത്രിയുടെ കാര്യം സംശയം

ദോഹ: ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ ഗ്രൂപ്പ് ഇയിലെ മത്രത്തിൽ ഇന്ത്യ ഇന്ന് കരുത്തരായ ഖത്തറിനെ നേരിടും. ദോഹയിലെ ജാസിൻ ബിൻ ഹമാദ് സ്റ്രേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 10 മുതലാണ് മത്സരം. തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യ ഒമാനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോറ്റിരുന്നു. മത്സരത്തിന്റെ ഭൂരിഭാഗം സമയവും ലീഡ് നിലനിറുത്തിയ ശേഷമായിരുന്നു ഇന്ത്യയുടെ തോൽവി. അവസാന നിമിഷങ്ങളിൽ കളി കൈവിടുന്ന പതിവ് ശാപം ഒമാനെതിരെയും ഇന്ത്യയെ പിന്തുടരുകയായിരുന്നു.

തുടക്കത്തിൽ നേടുന്ന ലീഡ് നിലനിറുത്താനാകാത്തതാണ് ഇന്ത്യയുടെ പ്രധാന പ്രശ്നം. ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമിച്ചിന് മുന്നിലുള്ള വലിയ വെല്ലുവിളിയും ഈ പിഴവ് പരിഹരിക്കുകയെന്നതാണ്. അതേസമയം ഇന്ത്യൻ നായകൻ സുനിൽ ഛെത്രി ഇന്നത്തെ മത്സരത്തിൽ കളിക്കാൻ സാധ്യത കുറവാണെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസങ്ങളിൽ ഛെത്രി പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല. റാങ്കിംഗിൽ 62-ാം സ്ഥാനത്തുള്ള ഒമാനെതിരെ മികച്ച ഫോമിലുള്ള ഛെത്രിക്ക് കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ്.

ഛെത്രി കളിച്ചില്ലെങ്കിൽ മൻവിർ സിംഗ്, ബൽവിന്ദർ സിംഗ് എന്നിവരിൽ ആരെങ്കിലും ഒരാൾക്ക് ആദ്യ ഇലവനിൽ ഇടം കിട്ടിയേക്കാം. മദ്ധ്യ നിരയിൽ മലയാളി താരങ്ങളായ സഹൽ അബ്ദുൾ സമദ്, ആഷിഖ് കുരുണിയൻ എന്നിവർക്കും അവസരം കിട്ടേയേക്കും. സന്ദേശ ജിങ്കൻ നയിക്കുന്ന പ്രതിരോധ നിര മികച്ച ചെറുത്ത് നില്പ് നടത്താൻ കെല്പുള്ളവരാണെങ്കിലും അവസാന നിമിഷങ്ങളിൽ ക്ഷീണിച്ചു പോകുന്നത് തിരിച്ചടിയാണ്. ഗോൾ പോസ്റ്രിന് കീഴിൽ ഗുർപ്രീത് ഫോമിലാണ്.

മറുവശത്ത് തങ്ങളുടെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ മറുപടിയില്ലാത്ത ആറ് ഗോളുകൾക്ക് കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഖത്തർ സ്വന്തം തട്ടകത്തിൽ ഇന്ത്യയെ നേരിടാനിറങ്ങുന്നത്. അഫ്ഗാനെതിരെ ഹാട്രിക്കുമായി കളം നിറഞ്ഞ അൽമോയസ് അലിയുടെ നേതൃത്വത്തിലുള്ള ഖത്തർ ആക്രമണത്തെ തടഞ്ഞു നിറുത്താൻ ഇന്ത്യ ഏറെ വിയർപ്പൊഴുക്കേണ്ടിവരും.

ആതിഥേയരെന്ന നിലയിൽ നേരത്തേ തന്നെ ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയ ടീമാണ് ഖത്തർ. എന്നാൽലോകകപ്പ് യോഗ്യതാ മത്സരത്തിനൊപ്പം തന്നെ 2023ലെ എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരം കൂടി നടത്തുന്നതിനാലാണ് അവർ കളിക്കാനിറങ്ങുന്നത്.