kashmir-

ന്യൂയോർക്ക്: ജമ്മു കാശ്മീരിനു പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തുമാറ്റിയതിനുശേഷമുളള സ്ഥിതിഗതികളിൽ ആശങ്ക അറിയിച്ച് യു.എൻ മനുഷ്യാവകാശ ഹൈക്കമ്മിഷണർ. ജനീവയിൽ നടന്ന യു.എൻ മനുഷ്യാവകാശ കൗൺസിൽ യോഗത്തിന്റെ 42-ാമത് സെഷനിൽ സംസാരിക്കുമ്പോഴാണ് നിയന്ത്രണ രേഖയുടെ ഇരുവശങ്ങളിലുമുള്ള സ്ഥിതിഗതികളെക്കുറിച്ച് ഹൈക്കമ്മിഷണർ മിഷേൽ ബാച്ചലെറ്റ് പരാമർശിച്ചത്.

കാശ്മീരുമായി ബന്ധപ്പെട്ട്, നിയന്ത്രണ രേഖയുടെ ഇരുവശങ്ങളിലുമുള്ള മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ തുടർച്ചയായി ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്റർനെറ്റ് സേവനങ്ങൾക്കുമേലുളള നിയന്ത്രണം, പ്രാദേശിക രാഷ്ട്രീയ നേതാക്കളെയും പ്രവർത്തകരെയും തടഞ്ഞുവയ്ക്കൽ തുടങ്ങി കാശ്മീർ ജനതയുടെ മനുഷ്യാവകാശങ്ങൾക്കുമേലുളള ഇന്ത്യൻ സർക്കാരിന്റെ കൈകടത്തലിൽ താൻ വളരെയധികം ആശങ്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യാവകാശങ്ങളെ മാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും സർക്കാരുകളോട് ഞാൻ അഭ്യർത്ഥിക്കുന്നു. ജമ്മു കാശ്മീരിൽ ഏർപ്പെടുത്തിയിരിക്കുന്ന കർഫ്യൂ പിൻവലിക്കണമെന്ന് ഇന്ത്യയോട് പ്രത്യേകമായി അഭ്യർത്ഥിക്കുന്നുവെന്നും ഹൈക്കമ്മിഷണർ വ്യക്തമാക്കി.

കാശ്മീരിലെ ജനങ്ങളുടെ ഭാവിയിൽ സ്വാധീനം ചെലുത്തുന്ന തീരുമാനമെടുക്കുമ്പോൾ അവരോട് കൂടിയാലോചിക്കുകയും അതിൽ അവരെയും പങ്കാളികളാക്കണമെന്നും ഹൈക്കമ്മിഷണർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

ജൂൺ ആദ്യം ജമ്മു കാശ്മീരിൽ വലിയ തോതിലുള്ള മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിക്കുന്ന ഐക്യരാഷ്ട്രസംഘടന മനുഷ്യാവകാശ ഹൈക്കമ്മിഷണറുടെ റിപ്പോർട്ട് ഇന്ത്യ തളളിയിരുന്നു. 2016 ജൂൺ മുതൽ കഴിഞ്ഞ ഏപ്രിൽ വരെയുള്ള സംഭവവികാസങ്ങളെക്കുറിച്ചുളളതായിരുന്നു യു.എൻ റിപ്പോർട്ട്. ആദ്യമായാണു യു.എൻ കാശ്മീരിലെയും പാക്ക് അധിനിവേശ കാശ്മീരിലെയും (പി.ഒ.കെ) മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു റിപ്പോർട്ട് പുറത്തിറക്കിയത്.