ഇടുക്കി: ഇടുക്കി രാജമല ചെക്ക്പോസ്റ്റിൽ വച്ച് ജീപ്പിൽ നിന്ന് കുഞ്ഞ് തെറിച്ചുവീണ സംഭവത്തിൽ കാരണം വെളിപ്പെടുത്തി മാതാപിതാക്കൾ. കുഞ്ഞിന്റെ അമ്മ ഉറങ്ങിപ്പോയതാണ് കാരണമെന്ന് അച്ഛൻ സതീഷ് പറഞ്ഞു. മരുന്ന് കഴിച്ചത് കൊണ്ട് നല്ല ക്ഷീണമുണ്ടായിരുന്നു. ഇതേതുടർന്ന് കുഞ്ഞിന്റെ അമ്മ ഉറങ്ങിപ്പോയി. അതുകൊണ്ട് കുഞ്ഞ് വണ്ടിയിൽ നിന്ന് വീണിട്ടും അറിയാതെ പോയതെന്നും സതീഷ് പറഞ്ഞു.
ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്നുംവീണ കുഞ്ഞിന് പരിക്ക് പറ്റിയിരുന്നു. കുഞ്ഞ് സമീപത്തെ വനം വകുപ്പിന്റെ ചെക്ക് പോസ്‌റ്റിലേക്ക് ഇഴഞ്ഞെത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. വനപാലകർ കുഞ്ഞിന് പ്രഥമ ശുശ്രൂഷയും നൽകി. അതേസമയം, കുഞ്ഞ് നഷ്‌ടമായത് അറിയാതെ ദമ്പതികൾ വാഹനത്തിൽ ഏതാണ്ട് 50 കിലോമീറ്ററോളം സഞ്ചരിച്ചിരുന്നു.
മുഖത്തും നെറ്റിയിലും പരിക്കേറ്റ കുട്ടിയെ വനംവകുപ്പ് അധികൃതർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും മൂന്നാർ പൊലീസിനെ വിവരം അറിയിക്കുകയും ചെയ‌്തു. ഇതിനിടയിൽ വീട്ടിലെത്തിയ ദമ്പതികൾ കുഞ്ഞിനെ കാണാതെ പരിഭ്രാന്തരാവുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ‌്‌തു .സംഭവത്തിൽ ഇടപെട്ട സംസ്ഥാന ശിശുക്ഷേമ സമിതി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടിയുടെ കാര്യത്തിൽ അനാസ്ഥയുണ്ടായെന്ന് ബോധ്യപ്പെട്ടാൽ മാതാപിതാക്കൾക്കെതിരെ നടപടിയെടുക്കുമെന്നും ശിശുക്ഷേമ സമിതി അദ്ധ്യക്ഷൻ എസ്.പി.ദീപക് അറിയിച്ചു.