ന്യൂഡൽഹി: ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്റിയുമായ സ്വാമി ചിന്മയാനന്ദ് തന്നെ മാനഭംഗപ്പെടുത്തിയെന്ന് ആരോപിച്ച് യു.പിയിലെ നിയമ വിദ്യാർത്ഥിനി. ചിന്മയാനന്ദിനെതിരെ നേരത്തെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ യു.പിയിലെ ഷാജഹാൻപൂരിൽനിന്നും കാണാതാവുകയും പിന്നീട് രാജസ്ഥാനിൽനിന്ന് പോലീസ് കണ്ടെത്തുകയും ചെയ്ത പെൺകുട്ടിയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിട്ടുള്ളത്. ഒരു വർഷത്തോളം തന്നെ പീഡിപ്പിച്ചുവെന്ന് പെൺകുട്ടി പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്.
'ചിന്മയാനന്ദ് തന്നെ ഒരു വർഷത്തോളം പീഡിപ്പിക്കുകയും ശാരീരികമായി ചൂഷണം ചെയ്യുകയുമായിരുന്നു. ഇതുസംബന്ധിച്ച് ലോധി റോഡ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും അത് ഷാജഹാൻപുർ പൊലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്. എന്നാൽ മാനഭംഗംക്കേസ് രജിസ്റ്റർ ചെയ്തിട്ടില്ല' പെൺകുട്ടി ആരോപിച്ചു. പ്രത്യേക അന്വേഷണ സംഘം ഞായറാഴ്ച തന്നെ 11 മണിക്കൂറോളം ചോദ്യം ചെയ്തു. അവരോട് പീഡനവിവരം പറഞ്ഞിട്ടുണ്ട്. എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞിട്ടും അവർ ചിന്മയാന്ദിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പെൺകുട്ടി പറഞ്ഞു.
നേരത്തെ സ്വാമി ചിന്മയാനന്ദിനെതിരെ സോഷ്യൽ മീഡിയയിലൂടെ ആരോപണം ഉന്നയിച്ച പെൺകുട്ടി പ്രധാനമന്ത്റി നരേന്ദ്രമോദിയോടും യു.പി മുഖ്യമന്ത്റി യോഗി ആദിത്യനാഥിനോടും സഹായം അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. തുടർന്ന് പിറ്റേദിവസം മുതൽ പെൺകുട്ടിയെ കാണാതാവുകയും ചെയ്തു. പിന്നീട് ഇവരെ സുഹൃത്തിനൊപ്പം രാജസ്ഥാനിൽ കണ്ടെത്തി.