ന്യൂഡൽഹി : അസമിലെ പൗരത്വ പട്ടികയിൽ നിന്ന് പുറത്തുപോകുന്നവരിൽ മുൻ രാഷ്ട്രപതി ഫക്രുദ്ദിൻ അലി അഹമ്മദിന്റെ ബന്ധുക്കളും. ആദ്യം പുറത്തിറക്കിയ കരട് പട്ടികയിലും മുൻ രാഷ്ട്രപതിയുടെ ബന്ധുക്കൾ ഉൾപ്പെട്ടിരുന്നില്ല. തുടർന്ന് ഇവർ അപ്പീൽ നൽകിയിരുന്നുവെങ്കിലും അന്തിമ പട്ടികയിലും പുറത്തായി. ഇന്ത്യയുടെ അഞ്ചാമത്തെ പ്രസിഡന്റായിരുന്നു ഫക്രുദ്ദീൻ അലി അഹമ്മദ്. അദ്ദേഹത്തിന്റെ സഹോദര പൗത്രനായ സാജിദ് അലി അഹമ്മദാണ് പട്ടികയിൽ പുറത്തായത്.
റോംഗിയ സബ് ഡിവിഷനിലെ ബാർഭാഗിയ ഗ്രാമത്തിലാണ് ഞങ്ങൾ താമസിക്കുന്നത്. ജനിച്ചതും ജീവിച്ചതും ഇവിടെ തന്നെയാണ്. ഞങ്ങളുടെ പേര് പട്ടികയിൽ ഇല്ലാത്തതിനാൽ ഞങ്ങൾ ആശങ്കാകുലരാണ്. മുൻ പ്രസിഡന്റിന്റെ പിന്മുറക്കാരായ ഞങ്ങളുടെ പേര് പോലും പട്ടികയിൽ ഉൾപ്പെടാത്തതിൽ നിരാശയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിരവധി പ്രൊഫഷനലുകളക്കം പട്ടികയിൽനിന്ന് പുറത്തായതിൽ കടുത്ത വിമർശനമുയർന്നിരുന്നു.