തിരുവനന്തപുരം: പൂമുറ്റവും ആർപ്പുവിളികളും സദ്യവട്ടങ്ങളുമെല്ലാം തിരുവോണത്തിനായി ഒരുങ്ങുമ്പോൾ അനന്തപുരിയിൽ ഇന്ന് ഓണപ്പൂരത്തിന് തിടമ്പേറ്റും. അതോടെ ഏഴു ദിവസം നീളുന്ന ആഘോഷ രാവിനും മിഴി തുറക്കും. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലുള്ള ഈ വർഷത്തെ ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 6ന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. മികച്ച ചലച്ചിത്ര നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ കീർത്തി സുരേഷ്, സിനിമാ താരം ടൊവിനോ തോമസ് എന്നിവർ മുഖ്യാതിഥികളായെത്തും. പിന്നണിഗായിക കെ.എസ്. ചിത്രയുടെ സംഗീതനിശയും കലാമണ്ഡലം ശിവദാസും സംഘവും അവതരിപ്പിക്കുന്ന ചെണ്ടമേളവും ആഘോഷ രാവിന്റെ മാറ്റ് ഇരട്ടിപ്പിക്കും. 16 വരെ നടക്കുന്ന പരിപാടികളിൽ അയ്യായിരത്തിലേറെ കലാകാരന്മാർ അണിനിരക്കും.
കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങൾക്കൊപ്പം ആധുനിക കലകളും സംഗീതദൃശ്യ വിരുന്നുകളും ആയോധന കലാപ്രകടനങ്ങളുമെല്ലാം വാരാഘോഷത്തിലുണ്ടാകും. കായൽഭംഗി തുളുമ്പുന്ന വെള്ളായണിയും ആദ്യമായി ഓണാഘോഷത്തിന് വേദിയാകും. തലസ്ഥാന നഗരിക്ക് അകത്തും പുറത്തുമായി 29 വേദികളിൽ കലാപരിപാടികൾ അരങ്ങേറും. വൈദ്യുതദീപാലങ്കാരവും ഭക്ഷ്യമേളയുമെല്ലാം പ്രധാന ആകർഷകങ്ങളാണ്.
പിന്നണി ഗായകരായ എം.ജി. ശ്രീകുമാർ, വിധു പ്രതാപ്, സുധീപ് കുമാർ, റിമി ടോമി, ജ്യോത്സ്ന, കാർത്തിക്, ശ്രീനിവാസ്, മധു ബാലകൃഷ്ണൻ, ഉണ്ണി മേനോൻ, രമേഷ് നാരായണൻ, മാർക്കോസ്, ജാസി ഗിഫ്റ്റ്, മൃദുല വാര്യർ, കാവാലം ശ്രീകുമാർ എന്നിവർ വിവിധ വേദികളിലെത്തും. സിനിമാ താരങ്ങളായ ആശാ ശരത്തിന്റെയും നവ്യ നായരുടെയും നൃത്തപരിപാടികളുമുണ്ടാകും. ആഘോഷവേദികളെ ഇളക്കിമറിക്കാൻ മ്യൂസിക് ബാൻഡായ തൈക്കുടം ബ്രിഡ്ജും എത്തുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന സംഗമമാണ് മറ്റൊരു പ്രത്യേകത.
പ്രളയത്തെ അതിജീവിച്ച കേരളത്തെക്കുറിച്ച് വിവരിക്കുക എന്നതിനായി ഒരുക്കുന്ന സമ്മേളനം 16ന് കോവളം ലീല റാവിസ് ഹോട്ടലിൽ നടക്കും.