തിരുവനന്തപുരം: ഇന്ന് പ്രഭാതം പൊട്ടിവിടരുമ്പോൾ ഉത്രാടമായി. തിരുവോണം പടിവാതിൽക്കൽ എത്തിയെന്ന് ഓർമ്മിപ്പിക്കുന്ന ദിവസം. പിന്നെ അവസാനവട്ട ഒരുക്കങ്ങൾക്കുള്ള ഓട്ടമാണ്. എത്ര നേരത്തേ ഒരുക്കങ്ങൾ തുടങ്ങിയാലും തലേനാൾ പാഞ്ഞ് നടന്നാലേ ഓണം ഗംഭീരമാകൂ. കാലമെത്രമാറിയിട്ടും ഓണത്തിന്റെ ശീലങ്ങളിൽ ഉത്രാടപ്പാച്ചിലിനും മാറ്റമില്ല.
ചിങ്ങത്തിലെ ഉത്രാടം പായാനുള്ളതാണ്. എന്തു കാര്യമായാലും അവസാന മണിക്കൂറിൽ ഓടി പാഞ്ഞ് നടന്ന് സംഘടിപ്പിച്ചെടുക്കുന്ന തനി മലയാളിയുടെ സ്വഭാവം വ്യക്തമാക്കുന്ന രീതി. ഓണത്തിരക്ക് അതിന്റെ ക്ളൈമാക്സിലെത്തുന്നത് ഉത്രാടത്തിലാണ്.
പച്ചക്കറികളും സദ്യവട്ടത്തിന് ഒരുക്കാനുള്ള വിട്ടുപോയ സാധനങ്ങളുമൊക്കെയാണ് ഇന്ന് പ്രധാനമായും വാങ്ങുക. പിന്നെ എല്ലാം കൂടി ഉത്രാടം ദിനത്തിന് വാങ്ങാനായി കാത്തിരിക്കുന്നവരുണ്ട്. അവരാണ് അക്ഷരാർത്ഥത്തിൽ ഉത്രാടപ്പാച്ചിൽ നടത്തുന്നത്. തുണിത്തരങ്ങളും പലവ്യഞ്ജനങ്ങളും പച്ചക്കറികളുമെല്ലാം ഇന്നായിരിക്കും വാങ്ങുക. അതുകൊണ്ടു തന്നെ വ്യാപാരകേന്ദ്രങ്ങളിലിന്ന് സൂചികുത്താനിടം കാണില്ല. കടകളൊക്കെ പാതിരാത്രി വരെ തുറന്നു പ്രവർത്തിക്കും. ഷോപ്പിംഗ് കഴിഞ്ഞാൽ പിന്നെ സദ്യ ഒരുക്കുന്നതിനുള്ള തിരക്കിലേക്ക് സ്ത്രീജനങ്ങൾ തിരിയും. ഓണസദ്യയ്ക്കുള്ള വിവിധ ഇനം കറികൾക്കായി പച്ചക്കറികളൊക്കെ അരിഞ്ഞ് തയ്യാറാക്കി വയ്ക്കും.
അത്തം തുടങ്ങി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പൂക്കൾ വിറ്റു പോകുന്നത് ഉത്രാട നാളിലാണ്. വിപുലമായ രീതിയിൽ തന്നെ പൂക്കളം ഒരുക്കുന്നവർ തോവാളയിൽ പോയി പൂക്കൾ വാങ്ങി വരും. പിന്നെ പൂക്കളമൊരുക്കലിന്റെ രാവാണ്.
ഓണാഘോഷത്തിന് തുടക്കം കുറിക്കുന്നതും ഇന്നാണ്. വൈകിട്ട് കനകക്കുന്നിൽ ഓണാഘോഷത്തിന് തിരി തെളിയും. വേദികളിലെല്ലാം വിവിധ ഇനം കലാപരിപാടികളാണ് നടക്കുന്നത്. ഇന്നലെ ഉച്ച കഴിഞ്ഞതോടെ നഗരത്തിലെ എല്ലാ വീഥികളും തിരക്കിലമർന്നിരുന്നു. വസ്ത്രവ്യാപാര കേന്ദ്രങ്ങളിലും ഇലക്ട്രോണിക്സ് ഷോപ്പുകളിലും ജുവലറികളിലുമെല്ലാം പൂരത്തിരക്ക്.
സർക്കാർ ജീവനക്കാരുടെ അവധി ഞായർ മുതൽ തുടങ്ങിയിരുന്നു. ഉച്ച കഴിഞ്ഞതോടെ ജനം നഗരത്തിലെ വ്യാപാരകേന്ദ്രങ്ങളെ ലക്ഷ്യമാക്കി സകുടുംബം സ്കൂട്ടറും കാറുമായി വീടുകളിൽ നിന്നും എത്തുകയായിരുന്നു. വൈകിട്ടായതോടെ ഷോപ്പിംഗ് കേന്ദ്രങ്ങളുടെ പുറത്ത് വാഹനങ്ങൾ നിറഞ്ഞു. അകത്ത് ജനവും.