തിരുവനന്തപുരം: വ്യാപാരമേളയ്ക്ക് കനകക്കുന്നൊരുങ്ങി. സൂര്യകാന്തി ഗ്രൗണ്ട് ഒരാഴ്ചക്കാലത്തേക്ക് മേളയിലും പ്രദർശനത്തിരക്കിലുമലിയും. വിപുലമായ തയ്യാറെടുപ്പുകളുമായാണ് ടൂറിസം വകുപ്പ് ഇത്തവണ മേളയൊരുക്കുന്നത്. സ്റ്റാളുകളുടെ അവസാനഘട്ട ഒരുക്കത്തിലാണ് വ്യാപാരികൾ. ഓണക്കാലത്തെ ആഘോഷമാക്കാൻ നൂറിലധികം സ്റ്റാളുകളാണ് ഇവിടെ സജ്ജമാകുന്നത്. സെപ്തംബർ 18 വരെയാണ് മേള.
വിവിധ സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ, വ്യാപാര വ്യവസായ മേഖല എന്നിവയുടെ സഹകരണത്തോടെയുള്ള മേളയിൽ കരകൗശലവസ്തുക്കൾ, ഗൃഹോപകരണങ്ങൾ, ഫർണിച്ചർ, പുസ്തകങ്ങൾ, ഫാൻസി സാധനങ്ങൾ, തുണിത്തരങ്ങൾ തുടങ്ങി വൈവിധ്യമേറിയ ഉത്പന്നങ്ങളെല്ലാം തയ്യാറായിക്കഴിഞ്ഞു. ഫിഷറീസ് വകുപ്പിന്റെയും കുടുംബശ്രീയുടെയും തനതായ ഉത്പന്നങ്ങളും മേളയിൽ ലഭിക്കും. വിശാലമായ ഫുഡ് കോർട്ടും ഒരുക്കിയിട്ടുണ്ട്. കനകക്കുന്നിലും പരിസരത്തും ഓണം വാരാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന കലാപരിപാടികൾ ആസ്വദിക്കുന്നതിനൊപ്പം ചെറിയ വിലയിൽ ആവശ്യമായ വസ്തുക്കൾ സ്വന്തമാക്കാനും മേള പ്രയോജനപ്പെടുത്താം. കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പം ഒഴിവുസമയം ആനന്ദകരമാക്കാനും ഒന്നിച്ച് വിവിധ രുചികൾ ആസ്വദിക്കാനും താത്പര്യമുള്ളവർക്ക് സംശയമേതുമില്ലാതെ മേളയിലെത്താം, നിങ്ങൾ നിരാശരാകില്ലെന്ന് തീർച്ച
.
ആകർഷകമായ ഓഫറുകളും വിലക്കുറവും ഇവിടെയുണ്ട്. 10 രൂപയുടെ ഫാൻസി സാധനങ്ങൾ തുടങ്ങി വാഹനങ്ങൾ വരെ ഒരു കുടക്കീഴിൽ എന്ന പ്രത്യേകതയുമുണ്ട്.
40 ശതമാനം വിലക്കുറവിൽ ഫർണിച്ചറുകൾ സ്വന്തമാക്കാനുള്ള അവസരം മഹിമാ ഫർണിച്ചറിന്റെ സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. 250 രൂപ മുതൽ വിലയിൽ കുർത്തികൾ, കേരളത്തിന്റെ തനത് രുചികളും രുചിക്കൂട്ടുകളും, കുട്ടികളുടെ വസ്ത്രങ്ങളുടെ വലിയ ശേഖരം, ബെഡ്ഷീറ്റുകൾ, മിൽമ സ്റ്റാളുകൾ, ഐസ്ക്രീമുകൾ എന്നിങ്ങനെ ആഘോഷങ്ങൾക്ക് നിറം കൂട്ടാൻ സാദ്ധ്യതകളേറെയാണ് മേളയിൽ. ഞായറാഴ്ച സി. ദിവാകരൻ എം.എൽ.എ മേളയും പ്രദർശനവും ഉദ്ഘാടനം ചെയ്തിരുന്നു. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് മേള. പ്രവേശനം സൗജന്യം.