പോത്തൻകോട്: കലാനിധിയുടെ ഓണാഘോഷ പരിപാടികൾക്ക് വിളവെടുപ്പ് ഉത്സവത്തോടെ തുടക്കമായി. ഇന്ന് നടക്കുന്ന നെയ്യാർ മേളയുടെയും 12 ന് ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി നെടുമങ്ങാട്ട് സംഘടിപ്പിക്കുന്ന കലാവിരുന്നിന്റെയും തുടർച്ചയായി 14 ന് പാളയം പബ്ലിക് ലൈബ്രറി ഹാളിൽ നടക്കുന്ന ദൃശ്യ -സംഗീത -വിസ്മയ രാവ് നടക്കും. കാട്ടായിക്കോണം നരിക്കലിൽ പരമ്പരാഗത കൃഷിക്കാരനായ റോബിൻസന്റെ കൃഷിയിടത്തിലാണ് വിളവെടുപ്പ് ഉദ്ഘാടനം നടന്നത്.
കലാനിധി ജനറൽ സെക്രട്ടറി ഗീതാരാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭാ കൗൺസിലർ സിന്ധുശശി ഉദ്ഘാടനം നിർവഹിച്ചു. ഡോ. വാഴമുട്ടം വി. ചന്ദ്രബാബു, കൃഷി വകുപ്പ് കഴക്കൂട്ടം അസിസ്റ്റന്റ് ഡയറക്ടർ എ. ബിന്ദുകുമാരി, കഴക്കൂട്ടം കൃഷി ഓഫീസർ റീജ എസ്. ധരൻ, ഡി. രമേശൻ,ബി.എസ്. ഇന്ദ്രൻ, ഫാ. ജി. സന്തോഷ്കുമാർ, കലാനിധി ട്രഷറർ ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.
കർഷകനായ റോബിൻസനെ ചടങ്ങിൽ ആദരിച്ചു.
തുടർന്ന് കഴക്കൂട്ടം കൃഷിഭവന്റെ സഹകരണത്തോടെ രണ്ടേക്കറോളം സ്ഥലത്ത് പടവലവും വെള്ളരിയും പാവലും സമൃദ്ധമായി കൃഷിചെയ്തിരിക്കുന്ന പാടത്ത് നാട്ടുകാരുടെ സാന്നിധ്യത്തിൽ വിളവെടുപ്പ് ഉത്സവം നടന്നു.