തിരുവനന്തപുരം : ചിങ്ങമാസത്തിൽ വീടിന് തറക്കല്ലിടാമെന്നു കരുതി അപേക്ഷ നൽകി കാത്തിരുന്ന നഗരവാസികൾക്ക് ഇരുട്ടടി. നിർമ്മാണ അനുമതിക്കായി ഐ.ബി.പി.എം.എഎസ് സോഫ്റ്റ് വെയറിലൂടെ ബിൽഡിംഗ് പെർമിറ്റ് ഉൾപ്പെടെ സമർപ്പിച്ചെങ്കിലും ചെക്ക് ലിസ്റ്റ് ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഓണം പ്രമാണിച്ച് തുടർച്ചയായ അവധി ദിവസങ്ങളായതിൽ ഇനി 16നാണ് പ്രവൃത്തി ദിവസം. അപ്പോഴേക്കും ചിങ്ങം കഴിയും.
ചിങ്ങത്തിൽ ഏകദിന പെർമിറ്റിനായി അപേക്ഷിച്ച 136 അപേക്ഷകൾ ഇപ്പോഴും തീർപ്പാകാതെ കിടക്കുകയാണ്. ആഴ്ചയിൽ ഒരു ദിവസമാണ് വിവിധ സോണൽ ഓഫീസുകളിൽ ഏകദിന പെർമിറ്റിനുള്ള അപേക്ഷ സ്വീകരിക്കുന്നത്. ആ ദിവസം വസ്തു ഉടമ സോഫ്റ്റ് വെയറിൽ നിന്നു ലഭിക്കുന്ന ചെക്ക് ലിസ്റ്റ് ഹാജരാക്കി ഫീസ് ഒടുക്കിയാൽ പെർമിറ്റ് ലഭ്യമാക്കും. എന്നാൽ സോഫ്റ്റ് വെയറിലെ തകരാറുകാരണം സോണൽ ഓഫീസുകളിൽ അപേക്ഷകർക്ക് എത്താൻ കഴിയാത്ത സ്ഥിതിയാണ്.
വസ്തു ഉടമയും ബിൽഡിംഗ് ഡിസൈനറും തമ്മിൽ കരാറുണ്ടാക്കിയാണ് ഏകദിന പെർമിറ്റിന് അപേക്ഷിക്കുന്നത്. അതിനാൽ പ്രാഥമിക പരിശോധന നടത്തി ഒറ്റ ദിവസം കൊണ്ട് പെർമിറ്റ് ലഭ്യമാക്കണമെന്നാണ് ചട്ടം. എന്നാൽ സോഫ്റ്റ് വെയറിലെ അപാകത കാരണം മാസങ്ങളായി പെർമിറ്റ് നൽകൽ താളം തെറ്റിയിരിക്കുകയാണ്. ജനറൽ പെർമിറ്റിനായുള്ള 1300ഓളം അപേക്ഷകളും വിവിധ സോണലുകളിലായി കെട്ടിക്കിടക്കുകയാണ്. മാസങ്ങൾക്ക് മുമ്പേ നൽകിയ അപേക്ഷകളാണ് ഇവയെല്ലാം. നിസാരകാരണങ്ങൾ പറഞ്ഞ് പലപ്പോഴായി പലതും നിരസിച്ചു. വസ്തുവിന് ഇരുവശങ്ങളിലൂടെ റോഡ് കടന്നു പോകുന്നുണ്ടെങ്കിൽ റോഡിൽ നിന്നും ഒന്നര മീറ്റർ അകലം പാലിച്ച് നിർമ്മാണം നടത്തണമെന്നാണ് ചട്ടം. എന്നാൽ വീടിന് മുൻ വശത്തേതിന് സമാനമായി മൂന്ന് മീറ്റർ വിടണമെന്നാണ് സോഫ്റ്റ് വെയറിലെ നിയമം. കെട്ടിടനിർമ്മാണ ചട്ടത്തിന് വിരുദ്ധമായി സോഫ്റ്റ് വെയർ മുന്നോട്ടു വച്ച നിയമം പ്രായോഗികമല്ലെന്നും ചട്ടത്തെ അട്ടമറിക്കുന്നതിന് അധികാരികൾ കൂട്ടുനിൽക്കുകയാണെന്നും ആൾ കേരള ബിൽഡിംഗ് ഡിസൈനേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ പറയുന്നു.
ഏകദിന പെർമിറ്റ് എന്തിനുവേണ്ടി?
കെട്ടിനിർമ്മാണചട്ടങ്ങളുടെ ഗുണം സാധാരണക്കാരന് ലഭ്യമാക്കുന്നതിന് വേണ്ടി 2000ലാണ് ഏകദിന പെർമിറ്റ് സംവിധാനം നടപ്പിലാക്കിയത്. 300 ചതുരശ്ര മീറ്ററിനുള്ളിൽ വരുന്ന ഏകവാസഗൃഹങ്ങൾക്കാണ് പെർമിറ്റ് ലഭ്യമാക്കുന്നത്. സാധാരണക്കാരന് വേണ്ടിയുള്ള ഇത്തരമൊരു നിയമം രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയത് കേരളത്തിൽ തലസ്ഥാന നഗരസഭയിലായിരുന്നു. സ്ഥലപരിശോധന, കാലതാമസം, അഴിമതി എന്നിവ ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. 19 വർഷമായി സുഗമമായി പോയ സംവിധാനമാണ് സോഫ്റ്റ്വെയറിന്റെ വരവോടെ അവസാനിച്ചത്.
ഏകദിന പെർമിറ്റിനുള്ള അപേക്ഷകൾ തീർപ്പാക്കാനുണ്ട്. സോഫ്റ്റ് വെയർ ചൂണ്ടിക്കാട്ടുന്ന തെറ്റുകൾ തിരുത്താൻ ബിൽഡിംഗ് ഡിസൈനർമാർ തയ്യാറാവാത്തതാണ് പ്രധാന പ്രശനം. സോഫ്റ്റ് വെയറിലുണ്ടാകുന്ന അപാകതകൾ യഥാസമയം ഐ.ബി.പി.എം.എസ് അധികൃതരെ അറിയിച്ച് പരിഹരിക്കുന്നുണ്ട്."
പാളയം രാജൻ- നഗരാസൂത്രണ സ്ഥിരം സമിതി അദ്ധ്യക്ഷൻ