ചൗവരിയെ പായസത്തിൽ ഒരു ചേരുവയായി മാത്രം കാണുന്നവർ ഇതുകൂടി അറിഞ്ഞോളൂ. ദഹനം സുഗമമാക്കുന്ന ചൗവരി അന്നജത്തിന്റെയും ഊർജ്ജത്തിന്റെയും കലവറയാണ്. കുട്ടികൾക്ക് ചൗവരി പാലുമായി ചേർത്ത് കുറുക്കി നൽകുന്നത് ദഹനക്കേട് പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും ശരീരത്തിന് ഊർജം ലഭിക്കാനും സഹായിക്കും.
ചൗവരിയിൽ അന്നജം, പ്രോട്ടീൻ, വിറ്റാമിൻ സി, കാൽസ്യം, ധാതുലവണങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ചൗവ്വരിയിൽ നിന്ന് 355 കലോറി ഊർജ്ജം ലഭിക്കും. കായികാദ്ധ്വാനം ചെയ്യുന്നവർ ചൗവ്വരി അടങ്ങിയ ആഹാരസാധനങ്ങൾ കഴിക്കുന്നതിലൂടെ ഊർജ്ജം നേടാം. ഉപവാസം അവസാനിപ്പിക്കുമ്പോൾ ചൗവരി കുറുക്കി കഴിക്കുന്നത് ദഹനേന്ദ്രിയത്തിന് ആരോഗ്യം നൽകാനും ഗ്യാസ് ട്രബിൾ പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാനും സഹായിക്കും. രോഗികൾ, വൃദ്ധർ, തുടങ്ങിയവർക്ക് ചൗവരി പാലിൽ ചേർത്ത് കുറുക്കി നൽകുന്നത് ആരോഗ്യം പ്രദാനം ചെയ്യാനും ക്ഷീണമകറ്റാനും വളരെ ഫലപ്രദമാണ്.