-terrorist

ശ്രീനഗർ: ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാദ്ധ്യത മുന്നറിയിപ്പിന് പിന്നാലെ കാശ്മീരിലെ സോപാറിൽ നിന്ന് എട്ട് ലഷ്കർ ഭീകരരെ ഇന്ത്യൻ സൈന്യം പിടികൂടി. ഇവരിൽ നിന്ന് ആയുധങ്ങളും ഇന്ത്യ വിരുദ്ധ പോസ്റ്ററുകളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇവർ പ്രദേശത്ത് ഇന്ത്യ വിരുദ്ധ പോസ്റ്ററുകൾ പ്രചരിപ്പിച്ചതായും പോസ്റ്റർ തയ്യാറാക്കുന്നതിനായി ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറുകളും മറ്റ് വസ്തുക്കളും പൊലീസ് പിടികൂടി. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പൊലീസ് വ്യക്തമാക്കി.

ഗുജറാത്തിലെ റാൻ ഒഫ് കച്ചിലെ സർ ക്രീക്കിൽ ബോട്ടുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ സുരക്ഷാ സേന കണ്ടെത്തിയതിന് പിന്നാലെയാണ് ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാദ്ധ്യതയുണ്ടെന്ന് കരസേന ദക്ഷിണ കമാൻഡ് മുന്നറിയിപ്പ് നൽകിയത്. ദക്ഷിണ മേഖല കമാൻഡ് ഇൻ ചീഫ് ലെഫ്. ജനറൽ എസ്.കെ. സെയ്നിയാണ് മുന്നറിയിപ്പ് നൽകിയത്. ലഷ്കറെ തയ്ബ ഭീകര‌ർ എത്തിയെന്ന വിവരത്തെത്തുടർന്ന് കേരളത്തിലും തമിഴ്നാട്ടിലും ഉൾപ്പെടെ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ശ്രീലങ്കയിൽ നിന്ന് കടൽമാ‌ർഗം ആറ് ഭീകരർ കോയമ്പത്തൂരിലെത്തി വിവിധയിടങ്ങളിലേക്ക് പോയിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.

വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കി. തീരപ്രദേശങ്ങളിലും അതീവ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി. ഗുജറാത്ത് വഴി ഭീകരർ ഇന്ത്യയിലെത്തുമെന്ന രഹസ്യ വിവരത്തെത്തുടർന്ന് ഒരാഴ്ച മുമ്പും രാജ്യത്തിന്റെ വിവധ ഭാഗങ്ങളിൽ സുരക്ഷ ശക്തമാക്കിയിരുന്നു.വേളാങ്കണ്ണി പെരുന്നാളിനിടെ ആക്രമണം നടത്താൻ ലക്ഷ്യമിട്ട് ആറു ലഷ്‌കറെ ഭീകരർ തമിഴ്‌നാട്ടിൽ എത്തിയെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് തമിഴ്‌നാട്ടിൽ കഴിഞ്ഞ ദിവസവും കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.