ന്യൂഡൽഹി: ജാർഖണ്ഡിൽ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയ തബ്രിസ് അൻസാരിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം ഹൃദയസ്തംഭനമാണെന്നതിനാൽ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്താനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി. കേസിലെ 12ാം പ്രതിയെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മനപൂർവമല്ലാത്ത നരഹത്യക്കാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത് മരണകാരണം ഹൃദയ സ്തംഭനമാണെന്നതിനാൽ നരഹത്യക്കാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്നാണ് പൊലീസിന്റെ വിശദീകരണം. അൻസാരിയുടെ മൃതദേഹം രണ്ട് തവണ പോസ്റ്റ്മോർട്ടം നടത്തിയെന്നും രണ്ട് റിപ്പോർട്ടിലും ഒരേകാര്യമാണ് പറയുന്നതെന്നും സീനിയൽ പൊലീസ് ഓഫിസർ എസ്.കാർത്തിക് പറഞ്ഞു.
ഇക്കഴിഞ്ഞ ജൂൺ18നാണ് 24കാനായ തബ്രിസ് അൻസാരി ആൾക്കൂട്ട മർദ്ദനമേറ്റ് കൊല്ലപ്പെടുന്നത്. സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേയ്ക്കു പോകുകയായിരുന്ന തബ്രിസിനെ ഒരു സംഘം തടഞ്ഞുനിറുത്തുകയും മോട്ടോർ സൈക്കിൾ മോഷ്ടിച്ചെന്നാരോപിച്ച് മണിക്കൂറുകളോളം മർദ്ദിക്കുകയായിരുന്നു. ഇവർ ഇതിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. തബ്രിസിനെ മരത്തില്‍ കെട്ടിയിട്ട ശേഷമായിരുന്നു ആക്രമണം. മർദ്ദനത്തെതുടർന്ന് തബ്രിസ് അബോധാവസ്ഥയിലായതിനു ശേഷമാണ് ഇയാളെ പൊലീസിന് കൈമാറിയത്. നാലു ദിവസത്തിനു ശേഷം പൊലീസ് ആശുപത്രിയിലെത്തിച്ച തബ്രിസ് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.