red-novel

''ങ്‌ഹേ?"

സുരേഷ് കിടാവ് ഞെട്ടിത്തരിച്ച് നാലുപാടും നോക്കി. അതിനനുസരിച്ച് അയാളുടെ കയ്യിലിരുന്ന പിസ്റ്റൾ തിരിഞ്ഞു.

''ആരാ?"

അയാൾ അലറി.

മറുപടിയില്ല!

ശ്മശാനതുല്യമായ നിശ്ശബ്ദത മാത്രം.

''ഞാൻ പറഞ്ഞില്ലേ സുരേഷ്... ഇവിടെ എന്തൊക്കെയോ കുഴപ്പങ്ങളുണ്ട്."

ഹേമലതയുടെ സ്വരം ചിലമ്പി.

സുരേഷ് കിടാവ് അതു ശ്രദ്ധിച്ചില്ല. അയാളുടെ ഉള്ളിൽ കോപത്തിന്റെ കനലുകൾ എരിഞ്ഞു.

''ആരാണെന്നാ ചോദിച്ചത്. എന്റെ കോവിലകത്ത് കടന്നത് ആരാണെങ്കിലും ജീവനോടെ മടങ്ങില്ല."

അടുത്ത നിമിഷം പ്രകമ്പനം കൊള്ളിക്കുന്ന കൂട്ടച്ചിരി...

അതിന്റെ അലകൾ അടങ്ങിയപ്പോൾ കേട്ടു.

''നിന്റെ കോവിലകമോ?"

തുടർന്നു വീണ്ടും ചിരി.

പുരുഷന്റേതെന്നോ സ്‌ത്രീയുടേത് എന്നോ തിരിച്ചറിയാനാവാത്ത ചിരി,

''ഇത് നിന്റെ കോവിലകമാകാൻ നിന്റച്ഛൻ ശ്രീനിവാസ കിടാവ് ഉണ്ടാക്കിയതല്ലല്ലോ... ഒരു പാവം തമ്പുരാനെ നാടുകാണിചുരത്തിൽ ചതിച്ചുകൊന്നിട്ട്, അയാളുടെ രണ്ടാം ഭാര്യയും ഭൂലോക ഫ്രാഡും കൊലയാളിയുമായ ചന്ദ്രകല എന്ന സ്ത്രീയുമായി കൂട്ടുചേർന്ന് ചുളുവിൽ തട്ടിയെടുക്കാൻ ശ്രമിക്കുന്ന കോവിലകമല്ലേടാ?"

സുരേഷിനു വല്ലാത്ത ക്ഷീണം തോന്നി. തന്റെ ഭാര്യയുടെയും വേലക്കാരിയുടെയും മുന്നിൽ വച്ചാണ് ഇതൊക്കെ ആരോ വിളിച്ചുപറയുന്നത്!

എങ്കിലും വിട്ടുകൊടുക്കാൻ അയാൾ ഒരുക്കമായിരുന്നില്ല.

''അങ്ങനെയൊക്കെ ഉണ്ടായെങ്കിൽ നീ എന്റെ മുന്നിൽ വാ. എന്നിട്ട് തെളിച്ചു കാണിക്ക്."

വീണ്ടും ആ ശബ്ദം കേട്ടു.

''നിന്റെ കയ്യിലിരിക്കുന്ന ആയുധത്തിന്റെ ബലത്തിലാണ് ഇത് പറയുന്നതെങ്കിൽ വേണ്ടാ. അതുകൊണ്ട് നിനക്ക് യാതൊരു പ്രയോജനവും ഉണ്ടാകില്ല... അത് തെളിയാൻ പോകുകയാണ്."

ആ ശബ്ദം നിലച്ചതും ഒരു സീൽക്കാരം..

മിന്നൽ വേഗത്തിൽ എന്തോ പാഞ്ഞുവരുന്നു.

എന്തെന്നു തിരിച്ചറിയും മുൻപ്, സുരേഷിന്റെ പിസ്റ്റൾ പിടിച്ച കയ്യുടെ തോളിൽ അത് പുളഞ്ഞിറങ്ങി.

''ആ..." അലറിപ്പോയി സുരേഷ്.

പിസ്റ്റൾ പിടിവിട്ട് നടുമുറ്റത്തു വീണു.

''സുരേഷേ..." ഹേമലത അലറിക്കരഞ്ഞു.

''സാറേ..." എന്ന് ഭാനുമതിയും.

അമ്പരപ്പിലും നടുക്കത്തിലും സുരേഷ് തന്റെ തോളിലേക്കു നോക്കി.

ഒരു അമ്പ്!

''പുല്ല്." അയാൾ അത് വലിച്ചൂരി. തോളിൽ നിന്ന് ചോര ചീറ്റിത്തെറിച്ചു.

''സുരേഷേ...."

ഹേമലത ആ മുറിവിൽ അമർത്തിപ്പിടിച്ചു. അവളുടെ വിരലുകൾക്കിടയിലൂടെ ചോര വീണ്ടും ചീറ്റി.

നേരത്തെയുള്ള ശബ്ദം പിന്നെയും കേട്ടു.

''ഇത് നിന്റെ നെഞ്ചിൽ കൊള്ളിക്കാൻ അറിയാഞ്ഞിട്ടല്ല.. രക്ഷപ്പെടണമെന്നുണ്ടെങ്കിൽ ഒരവസരം. നാളെ നേരം പുലരുമ്പോൾ പൊയ്‌ക്കോണം, ഈ കോവിലകത്തുനിന്ന്. ഇല്ലെങ്കിൽ നീയും നിന്റെ കുടുംബവും ശവങ്ങളാകും.

പിന്നെ... അവളെ ഞാൻ ഇവിടെ വരുത്തും. ചന്ദ്രകലയെ. കൊല്ലാൻ, ചെന്നു പറഞ്ഞേര്."

ശേഷം കേട്ടത് അകന്നു പോകുന്ന കുറെ കാലടിയൊച്ചകൾ!

''ഹോസ്പിറ്റലിൽ പോകാം സുരേഷേ..."

ഹേമലതയുടെ സർവ്വ നാഡികളും തളർന്നു.

ഭാനുമതിയാണെങ്കിൽ നെഞ്ചുപൊട്ടി മരിക്കും എന്ന ഭാവാത്തിലാണ്.

എത്രയും വേഗം ഈ പ്രേതാലയത്തിൽ നിന്നു രക്ഷപ്പെടണമെന്ന് അവരുടെ മനസ്സു മന്ത്രിച്ചു...

''ഞാൻ ഒരാശുപത്രിയിലും പോകുന്നില്ല."

സുരേഷ് തീർത്തു പറഞ്ഞു.

''എന്റെ ശരീരത്തിൽ ഈ അമ്പ് കൊള്ളിച്ചതാരാണെങ്കിലും അവനെ ഞാൻ വിടില്ല."

ഭാര്യയുടെ കൈ തട്ടിക്കളഞ്ഞ് അയാൾ മുറിയിലേക്കോടി. അതിനിടെ വേലക്കാരിയോട് പറഞ്ഞു.

''കുറച്ച് ഐസ്‌ക്യൂബ് കൊണ്ടുവാ."

മുറിയിലെത്തിയ സുരേഷ് അലമാരയിൽ നിന്ന് ഒരു മദ്യക്കുപ്പിയെടുത്തു. വൃത്തിയുള്ള കുറച്ച് തുണിയും. പിന്നെ ബാത്ത്‌‌റൂമിന് അരുകിലെ വാഷ്‌ബെയ്‌സിന്റെ അടുത്തെത്തി.

''ഇതെന്താ ഈ കാണിക്കുന്നത്.

ഹേമലത പിന്നാലെ ചെന്നു.

''മിണ്ടരുത്." സുരേഷ് അവളെ രൂക്ഷമായി നോക്കി.

പിന്നെ തന്റെ ഷർട്ട് വലിച്ചുകീറി.

അയാളുടെ തോളിൽ മാംസം തുളഞ്ഞിരിക്കുന്നത് ഹേമലത കണ്ടു.

വാഷ്‌ബെയ്‌സിനിലേക്കു ചരിഞ്ഞു നിന്നുകൊണ്ട് അയാൾ മുറിവിലേക്കു മദ്യമൊഴിച്ചു.

മദ്യവും ചോരയും കൂടിക്കലർന്ന് വാഷ്‌ബെയ്സിനിൽ വീണു ചിതറി...

ഹേമലത കണ്ണുകൾ ഇറുക്കിയടച്ചു.

''ഹാ..." മുറിവിൽ വീണ മദ്യം ആസിഡു കണക്കെ നീറിയപ്പോൾ സുരേഷ് പല്ലുകൾ കടിച്ചുപിടിച്ചു.

ഒന്നുകൂടി മദ്യത്തിൽ അയാൾ മുറിവു കഴുകി.

ഭാനുമതി ഐസ്‌ക്യൂബ് കൊണ്ടുവന്നു. ഒരു ഉരുണ്ട പീസ് എടുത്ത് അയാൾ മുറിവിനുള്ളിലേക്കു തള്ളിവച്ചു...

(തുടരും)