ന്യൂഡൽഹി: പാകിസ്ഥാനിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെയുള്ള പീഡനങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ രാഷ്ട്രീയ അഭയം നൽകണമെന്ന് പാകിസ്ഥാനിലെ മുൻ എം.എൽ.എ ബാൽദേവ് കുമാർ ആവശ്യപ്പെട്ടു. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ തെഹ്‌രീക്-ഐ-ഇസാഫ് പാർട്ടിയിലെ എം.എൽ.എയായിരുന്ന ബാൽദേവ് കുമാറാണ് ഇന്ത്യയിൽ അഭയം തേടിയത്. പാകിസ്ഥാനിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരേയുള്ള പീഡനങ്ങൾ വർദ്ധിക്കുകയാണെന്നും രാഷ്ട്രീയ അഭയം നൽകണമെന്നുമാണ് ബാൽദേവ് കുമാറിന്റെ ആവശ്യം.
മൂന്ന് മാസത്തെ വിസയിൽ ആഗസ്റ്റ് 12-നാണ് ബാൽദേവ് ഇന്ത്യയിൽ എത്തിയത്. അതേസമയം, അദ്ദേഹത്തിന്റെ ഭാര്യയേയും മക്കളേയും മുമ്പുതന്നെ ലുധിയാനയിലെ ഖന്നയിലെത്തിച്ചിരുന്നു. പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള പീഡനങ്ങളെ തുടർന്നാണ് തന്റെ കുടുംബത്തെ ഇവിടെ നിന്ന് മാറ്റാൻ നിർബന്ധിതമായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ അദ്ദേഹവും ഖന്നയിലാണ് താമസം. തനിക്ക് പാകിസ്ഥാനിലേക്ക് മടങ്ങി പോകേണ്ടെന്നും ബാൽദേവ് പറയുന്നു.
ഇമ്രാൻഖാൻ കഴിഞ്ഞ വർഷം അധികാരത്തിലേറിയപ്പോൾ പാക് ജനത ഏറെ സന്തോഷിച്ചിരുന്നു. എന്നാൽ, പുതിയ പാകിസ്ഥാൻ നിർമിക്കുമെന്ന ഇമ്രാൻ ഖാന്റെ വാഗ്ദാനം വെറും പാഴ്‌വാക്കായിരിക്കുകയാണെന്നും ബാൽദേവ് കുറ്റപ്പെടുത്തി. പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾ ഒട്ടും സുരക്ഷിതരല്ലെന്നും അദ്ദേഹം പറഞ്ഞു. മതത്തിന്റെ പേരിൽ വലിയ പീഡനങ്ങളാണ് പാകിസ്ഥാനിൽ നടക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. മതന്യൂനപക്ഷങ്ങൽ മാത്രമല്ല. മുസ്ലീം മതത്തിലുള്ളവർ പോലും വലിയ ഭീഷണിയാണ് പാകിസ്ഥാനിൽ നേരിടുന്നതെന്നും ബാൽദേവ് പറഞ്ഞു.