maradu-flat

കൊച്ചി: സുപ്രീംകോടതി പൊളിച്ചുമാറ്റാൻ ആവശ്യപ്പെട്ട മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനായി നഗരസഭ നടപടികൾ ആരംഭിച്ചു. ഫ്‌ളാറ്റുകൾ പൊളിക്കുന്നതിന് പരിചയസമ്പന്നരായ കമ്പനികളിൽ നിന്ന് നഗരസഭ താൽപര്യപത്രം ക്ഷണിച്ചു. നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാനാണ് തീരുമാനം. ഇതിനായി വിദഗ്‌ദ്ധരുടെ പാനൽ തയാറാക്കും. ഫ്ളാറ്റുകളിലെ താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് നഗരസഭ നോട്ടിസ് നൽകും. അതേസമയം, തുടർനടപടികൾ ചർച്ച ചെയ്യാൻ മരട് നഗരസഭാ കൗൺസിലും ചേർന്ന യോഗത്തിൽ ഫ്ലാറ്റ് ഉടമകൾ പ്രതിഷേധിച്ചു. നഗരസഭയ്ക്ക പുറത്തും ഉടമകൾ പ്രതിഷേധവുമായി രംഗത്തെത്തി. യോഗത്തിനിടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കുതർമുണ്ടായി.

ഇതുസംബന്ധിച്ച പുതിയ ഹർജി സുപ്രീംകോടതി പരിഗണിച്ചേക്കില്ല. കോടതി ഉത്തരവിൽ പുതിയ ഹർജികൾ സ്വീകരിക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്. ഈ മാസം 20-നകം ഫ്‌ളാറ്റുകൾ പൊളിച്ച് നീക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. എന്നാൽ, ഫ്‌ളാറ്റുകളിൽ നിന്ന് ഇറങ്ങില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഉടമകളും. കോടതി വിധി നടപ്പാക്കുന്നതിന്റെ മുന്നോടിയായി തിങ്കളാഴ്ച ചീഫ് സെക്രട്ടറി ഫ്‌ളാറ്റുകൾ സന്ദർശിച്ചിരുന്നു. ജില്ലാ കളക്ടറുമായും നഗരസഭാ അധികൃതരുമായും അദ്ദേഹം ചർച്ച നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നഗരസഭ ഫ്‌ളാറ്റ് പൊളിക്കാൻ താത്പര്യപത്രം ക്ഷണിച്ചിരിക്കുന്നത്.

തീരസംരക്ഷണ നിയമത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടി സുപ്രീംകോടതി നിലപാട് കടുപ്പിച്ചതോടെയാണു കർശന നടപടികളിലേക്ക് കടക്കുന്നത്. നാലു സമുച്ചയങ്ങളിലായി 288 ഫ്ളാറ്റുകളാണ് സുപ്രീംകോടതി ഉത്തരവു പ്രകാരം പൊളിക്കേണ്ടത്. സിനിമാ പ്രവർത്തകർ മുതൽ സാധാരണക്കാർ വരെ ഇവിടെ താമസക്കാരാണ്. പൊളിക്കാൻ അന്തിമവിധി വന്നശേഷം ഏതു നിമിഷവും പുറത്താക്കപ്പെടുമെന്ന ഭീതിയിലാണ് ഫ്ളാറ്റ് ഉടമകൾ.