കൊച്ചി: കൂടുതൽ ആത്മാർത്ഥത കാട്ടിയാൽ ഓണത്തിനു പട്ടിണി കിടക്കേണ്ടി വരുമെന്ന സന്ദേശം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് സി.പി.ഐ നേതാക്കൾക്ക് മർദ്ദനമേറ്റ സംഭവത്തിൽ സസ്പെൻഷനിലായ എസ്.ഐ വിപിൻദാസ്. സ്വന്തം വാട്സാപ്പ് അക്കൗണ്ടിന്റെ സ്റ്റാറ്റസ് ആയാണ് വിപിൻദാസ് സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘‘ആത്മാർഥത കുടുംബത്തോടു മതി. ഇല്ലെങ്കിൽ ഇതു പോലെ ഓണത്തിനു പട്ടിണി കിടക്കേണ്ടി വരും. കുടുംബത്തിലെ കാശുമായി കേസ് അന്വേഷിക്കാൻ പോകുമ്പോൾ ഓർക്കണം’’- എന്നാണ് സ്റ്റാറ്റസ്. സെൻട്രൽ സ്റ്റേഷൻ എസ്.ഐയായിരുന്ന വിപിൻ ദാസിനെ സി.പി.ഐയുടെ ഐ.ജി ഓഫിസ് മാർച്ചിനിടെ എൽദോ ഏബ്രഹാം എം.എൽ.എയെ തല്ലിയെന്ന പരാതിയിലാണു സസ്‌പെൻഡ് ചെയ്തത്. എൽദോ എബ്രഹാമിനു മർദ്ദനമേറ്റത് എസ്.ഐയുടെ അശ്രദ്ധമൂലമാണെന്ന വിലയിരുത്തലിനെ തുടർന്ന് സി.പി.ഐയുടെ വൻ പ്രതിഷേധത്തിനൊടുവിലാണ് എസ്.ഐക്കെതിരെ നടപടിയുണ്ടായത്.
നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഞാറയ്ക്കൽ സി.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് എറണാകുളത്തെ റേഞ്ച് ഐ.ജി ഓഫീസിലേക്ക് സി.പി.ഐ നടത്തിയ മാർച്ചിന് നേരെ പൊലീസ് നടപടിയുണ്ടായതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ സി.പി.ഐ ജില്ലാ സെക്രട്ടറി പി രാജു, മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാം എന്നിവർക്ക് പൊലീസ് മർദ്ദനമേറ്റതായും ആരോപണമുയർന്നിരുന്നു.