marad

കൊച്ചി: സുപ്രീം കോടതി പൊളിച്ചുമാറ്റാൻ ആവശ്യപ്പെട്ട മരടിലെ ഫ്ലാറ്റുകൾ ഒഴിയണമെന്ന് കാണിച്ച് ഫ്ലാറ്റുടമകൾക്ക് നഗരസഭ നോട്ടീസ് നൽകി. നോട്ടീസ് കൈപ്പറ്റാൻ കഴിയില്ലെന്ന് ഫ്ലാറ്റുടമകൾ അറിയിച്ച സാഹചര്യത്തിൽ നോട്ടീസ് ഫ്ലാറ്റിൽ പതിക്കുകയാണ് ചെയ്തത്. അഞ്ചു ദിവസങ്ങൾക്കകം സാധനങ്ങൾ മാറ്റി ഒഴിയണമെന്ന് നോട്ടീസിൽ പറയുന്നു.

നോട്ടീസ് നൽകാൻ വരുന്നവരെ അകത്ത് കയറ്റില്ലെന്നാണ് ഫ്ളാറ്റുടമകൾ കുറച്ച് സമയം മുമ്പ് അറിയിച്ചിരുന്നു. കൂടാതെ ജെയിൻ കോറൽ കോവ് ഫ്ലാറ്റിന്റെ ഗെയിറ്റ് ഉടമകൾ താഴിട്ട് പൂട്ടുകയും ചെയ്തിരുന്നു. നാളെ നഗരസഭയ്ക്ക് മുന്നിൽ നിരാഹാരമിരിക്കുമെന്ന് ഫ്ലാറ്റുടമകൾ അറിയിച്ചു. ഫ്‌ളാറ്റുകൾ പൊളിക്കുന്നതിന് പരിചയസമ്പന്നരായ കമ്പനികളിൽ നിന്ന് നഗരസഭ താൽപര്യപത്രം ക്ഷണിച്ചു. നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാനാണ് തീരുമാനം. നെട്ടൂർ ആൽഫ വെഞ്ചേഴ്സ്, കുണ്ടന്നൂർ ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ, നെട്ടൂരിലെ ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം, ഹോളിഡേ ഹെറിറ്റേജ് എന്നീ അഞ്ച് ഫ്ളാറ്റുകൾ പൊളിക്കാനാണ് മേയ് എട്ടിന് സുപ്രീം കോടതി നിർദ്ദേശിച്ചത്.

പുന:പരിശോധനാ ഹർജിയുൾപ്പെടെ നൽകിയെങ്കിലും അവയൊക്കെ സുപ്രീം കോടതി തള്ളി. ഒടുവിൽ സെപ്തംബർ 20 നകം ഫ്ളാറ്റുകൾ പൊളിച്ചു നീക്കി റിപ്പോർട്ട് നൽകണമെന്നും അല്ലാത്ത പക്ഷം സെപ്തംബർ 23 ന് ചീഫ് സെക്രട്ടറി ഹാജരാകണമെന്നും കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീം കോടതി അന്ത്യശാസനം നൽകി.ഇതേത്തുടർന്നാണ് ഫ്ളാറ്റുകൾ പൊളിച്ചു നീക്കാൻ ചീഫ് സെക്രട്ടറി മരട് നഗരസഭയ്ക്ക് നിർദ്ദേശം നൽകിയത്.