 പടിയിറക്കം പിറന്നാൾ ദിനത്തിൽ

ബെയ്‌ജിംഗ്: ഒരു ചെറിയ കൂരയിൽ തുടങ്ങി,​ പിന്നീട് ലോകമാകെ വളർന്ന് പന്തലിച്ച പ്രമുഖ ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനി ആലിബാബയുടെ സ്ഥാപക ചെയർമാനും ഏഷ്യയിലെ അതി സമ്പന്നരിൽ ഒരാളുമായ ജാക്ക് മാ രാജിവച്ചൊഴിഞ്ഞു. ഇന്നലെ മായുടെ 55-ാം പിറന്നാളായിരുന്നു. ആലിബാബയ്ക്ക് തുടക്കമിടും മുമ്പ് ഇംഗ്ളീഷ് അദ്ധ്യാപകനായിരുന്നു മാ. അദ്ധ്യാപന ജീവിതത്തിലേക്ക് മടങ്ങാനാണ് ആഗ്രഹമെന്ന് മാ വ്യക്തമാക്കിയിട്ടുണ്ട്.

3,​840 കോടി ഡോളറിന്റെ വ്യക്തിഗത ആസ്‌തി ഇപ്പോൾ മായ്‌ക്കുണ്ട്. 20 വർഷങ്ങൾക്ക് മുമ്പ് കിഴക്കൻ ചൈനയിലെ ഹാങ്‌ചൗ നഗരത്തിലായിരുന്നു ആലിബാബയ്ക്ക് മാ തുടക്കമിട്ടത്. ഇന്ന് 46,​000 കോടി ഡോളറിന്റെ ആസ്‌തിയും ഒരുലക്ഷത്തിലേറെ ജീവനക്കാരുമുള്ള കമ്പനിയാണിത്. ആലിബാബയും ചൈനയുടെ ഇ-കൊമേഴ്‌സ് വിപണിയും വളർച്ചയുടെ പുതിയ കുതിപ്പ് നേടുന്ന വേളയിലാണ് മായുടെ പടിയിറക്കം.

ആഡംബര റീട്ടെയിൽ ഉത്‌പന്ന വിതരണ ശൃംഖലയായ കഓള,​ മറ്റൊരു മ്യൂസിക് സ്‌ട്രീമിംഗ് കമ്പനി എന്നിവയിൽ 270 കോടി ഡോളർ നിക്ഷേപം നടത്തുമെന്ന് അടുത്തിടെ ആലിബാബ പ്രഖ്യാപിച്ചിരുന്നു. 2019ന്റെ ആദ്യ പകുതിയിൽ ചൈനീസ് ഇ-വിപണി 17.8 ശതമാനം വളരുകയും ചെയ്‌തു. മായുടെ വിശ്വസ്‌തനായ ഡാനിയേൽ ഷാംഗ് ആണ് പുതിയ ചെയർമാൻ. ആലിബാബയ്ക്ക് വളരാൻ പുതിയ മേഖലകൾ കണ്ടെത്തുകയാണ് ഡാനിയേലിന്റെ പ്രധാന വെല്ലുവിളി.​