kid

ഇടുക്കി: ഓടുന്ന ജീപ്പിൽ അമ്മയുടെ മടിയിൽ നിന്ന് ഒരു വയസുകാരി റോഡിലേക്ക് വീണ സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. അശ്രദ്ധമായി കുഞ്ഞിനെ കൈകാര്യം ചെയ്തതിന് ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് മൂന്നാർ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. സംഭവത്തിൽ ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.

കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യത മാതാപിതാക്കൾക്കുണ്ടായിട്ടും അവർ വീഴ്‌ച വരുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ തിടുക്കത്തിൽ നടപടി സ്വീകരിച്ചേക്കില്ലെന്നും സൂചനയുണ്ട്. സംഭവത്തിന്റെ എല്ലാവശങ്ങളും പരിശോധിച്ചശേഷം മാത്രമേ തുടർ നടപടികൾ സ്വീകരിക്കുകയുള്ളു.

അതേസമയം,കുട്ടി വീണതെങ്ങെനെയെന്ന് അറിയില്ലെന്നും ക്ഷീണം കാരണം ഉറങ്ങിപ്പോയി എന്നുമാണ് അമ്മ പറയുന്നത്. കേസിനെ നിയമപരമായി നേരിടുമെന്നു കുട്ടിയുടെ അച്ഛനും പ്രതികരിച്ചു.

ഇന്നലെയായിരുന്നു കേരളത്തെയാകെ ഞെട്ടിച്ച സംഭവം. പഴനി ക്ഷേത്രദർശന ശേഷം കമാൻഡർ ജീപ്പിൽ മടങ്ങുകയായിരുന്നു 12 പേരടങ്ങുന്ന കുടുംബം. ജീപ്പിന്റെ പിൻസീറ്റിൽ സത്യഭാമയുടെ കൈയിലായിരുന്നു ഒരു വയസും ഒരു മാസവും പ്രായമുള്ള രോഹിത. രാത്രി 9.48ന് രാജമല അഞ്ചാം മൈലിൽ ഫോറസ്റ്റ് ചെക്‌പോസ്റ്റിന് സമീപത്തെ വളവ് തിരിഞ്ഞപ്പോൾ അമ്മയുടെ മടിയിലിരുന്ന കുഞ്ഞ് റോഡിലേക്ക് ഊർന്നു വീഴുകയായിരുന്നു. മയക്കത്തിലായിരുന്ന അമ്മ വിവരം അറിഞ്ഞില്ല. ജീപ്പ് മുന്നോട്ടുപോയി.

വീഴ്ചയിൽ സാരമായി പരിക്കേൽക്കാത്ത കുഞ്ഞ് ചെക്‌പോസ്റ്റിൽ നിന്നുള്ള വെളിച്ചം കണ്ട് ആ ഭാഗത്തേക്ക് മുട്ടിലിഴഞ്ഞുനീങ്ങി. ഈ സമയം ചെക്‌പോസ്റ്റിലുണ്ടായിരുന്ന വാച്ചർമാരായ വിശ്വനാഥനും കൈലേഷും കുഞ്ഞിന്റെ കരച്ചിൽ കേട്ട് പുറത്തിറങ്ങിയപ്പോഴാണ് അവളെ കണ്ടത്. അവർ കുഞ്ഞിനെ വാരിയെടുത്ത് തൊട്ടടുത്തുള്ള ഫോറസ്റ്റ് ഓഫീസിലെത്തിച്ചു. തലയുടെ മുൻഭാഗത്തെ ചെറിയ മുറിവുകളിൽ ഫോറസ്റ്റ് ഓഫീസർ ജിതേന്ദ്രനാഥ് മരുന്നു വച്ചശേഷം മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ. ലക്ഷ്മിയെയും മൂന്നാർ പൊലീസിനെയും ചൈൽഡ് ലൈൻ പ്രവർത്തകരെയും വിവരം അറിയിച്ചു. വാർഡന്റെ നിർദ്ദേശ പ്രകാരം കുട്ടിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

ഇതിനിടെ രാത്രി പന്ത്രണ്ടരയോടെ കുടുംബം വീട്ടിലെത്തി. വാഹനത്തിൽ നിന്ന് ഇറങ്ങുന്ന വേളയിലാണ് കുട്ടി ഇല്ലെന്ന് തിരിച്ചറിയുന്നത്. ഉറങ്ങുന്നതിനിടെ കുടുംബാംഗങ്ങളാരെങ്കിലും കുട്ടിയെ വാങ്ങിയിരിക്കുമെന്നാണ് സത്യഭാമ കരുതിയത്. ജീപ്പിൽ അന്വേഷിച്ചിട്ട് കാണാത്തതിനെ തുടർന്ന് വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. വെള്ളത്തൂവൽ സ്റ്റേഷനിൽ നിന്ന് മൂന്നാറിലെ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോഴാണ് കുട്ടിയെ ലഭിച്ച വിവരം അറിയുന്നത്. മൂന്നാർ ആശുപത്രിയിൽ കുഞ്ഞ് സുരക്ഷിതമായുണ്ടെന്ന വിവരം രക്ഷിതാക്കളെ പൊലീസ് ധരിപ്പിച്ചു. പുലർച്ചെ മൂന്നു മണിയോടെ ദമ്പതികൾ മൂന്നാറിലെത്തി മകളെ ഏറ്റുവാങ്ങുകയായിരുന്നു.