ലണ്ടൻ: ബ്രെക്സിറ്റിൽ യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസണിന് വീണ്ടും തോൽവി. രാജ്യത്ത് നേരത്തേ പൊതുതിരഞ്ഞെടുപ്പ് നടത്താനുള്ള ബോറിസ് ജോൺസണിന്റെ ശ്രമം ഇന്നലെയും പരാജയപ്പെട്ടു. പ്രതിപക്ഷത്തോടൊപ്പം ഭരണകക്ഷിയായ കൺസർവേറ്റീവ് അംഗങ്ങളും പ്രധാനമന്ത്രിക്കെതിരെ വോട്ടു ചെയ്തതോടെയാണ് നീക്കം പരാജയപ്പെട്ടത്. ഹൗസ് ഒഫ് കോമൺസിൽ അഞ്ച് ദിവസത്തിനിടെ ബോറിസ് നേരിടുന്ന ആറാമത്തെ തോൽവിയാണിത്. സംഭവത്തെ തുടർന്ന് സ്പീക്കർ രാജിവയ്ക്കുകയും പാർലമെന്റ് അഞ്ച് ആഴ്ചത്തേക്ക് നിറുത്തി വയ്ക്കുകയും ചെയ്തു. ഒക്ടോബർ 14നാണ് ഇനി പാർലമെന്റ് പുനരാരംഭിക്കുക.പാർലമെന്റിൽ അംഗീകാരം ലഭിക്കാൻ സർക്കാരിന് ആകെ അംഗസംഖ്യയുടെ മൂന്നിൽ രണ്ടായ, 434 വോട്ടുകളാണ് ആവശ്യമായിരുന്നത്. 650 സീറ്റുകളുള്ള പാർലമെന്റിൽ 293 പേർ മാത്രമാണ് ഈ നിർദ്ദേശത്തെ പിന്തുണച്ചത്. വോട്ടെടുപ്പിനെ പിന്തുണയ്ക്കില്ലെന്ന് പ്രതിപക്ഷ എം.പിമാർ നേരത്തേ സ്ഥിരീകരിച്ചിരുന്നു. കരാറില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കുന്നത് നീട്ടി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സർക്കാർ നിയമവാഴ്ച പാലിക്കണമെന്ന് ആവശ്യപ്പെട്ട് ലേബർ നേതാവ് ജെറമി കോർബിന്റെ പ്രമേയം വോട്ടിനിടാതെ എം.പിമാർ അംഗീകരിച്ചു.