priyanka-nair

മലയാളത്തിലെയുെം തമിഴിലെയും ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് പ്രിയങ്ക നായർ. 2006ൽ പുറത്തിറങ്ങിയ വെയിൽ എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ച് പറ്റിയ താരത്തിന്റെ സൗന്ദര്യത്തിന് വർഷങ്ങൾക്കിപ്പുറവും വലിയ കോട്ടമൊന്നും സംഭവിച്ചിട്ടില്ല. കേരള കൗമുദി ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയങ്ക.

'എപ്പോഴും സന്തോഷമായിരിക്കാനുള്ള ആഗ്രഹമുണ്ട്,​ ജീവിക്കാനുള്ള ആഗ്രഹമുണ്ട്, അപ്പോൾ എന്ത് ചെയ്യും? അതിന് വേണ്ടി കഠിനാധ്വാനം ചെയ്യും. ഭക്ഷണം കഴിക്കാനിഷ്ടമുള്ളയാളാണ് ഞാൻ. മറ്റുള്ളവർ എന്നെ നോക്കി വണ്ണംവച്ചുവെന്ന് പറഞ്ഞാൽ എനിക്ക് അതിൽ ഒട്ടും പ്രയാസം തോന്നാറില്ല. ഞാനുമായി അടുപ്പമുള്ളവർ പറയുന്നത് ശ്രദ്ധിക്കാറുണ്ട്. ചിലപ്പോൾ എനിക്ക് എന്നെ തടിച്ച് കാണാൻ വലിയ ഇഷ്ടമാണ്. അതിന് പിന്നിൽ കുറേ കാരണങ്ങളുണ്ടാകാം. വയ്യായ്ക കൊണ്ടാകാം, ചില കഥാപാത്രങ്ങൾക്ക് തടി ആവശ്യമായി വന്നേക്കാം. പെട്ടെന്ന് വണ്ണം കൂട്ടാനും കുറയ്ക്കാനും എനിക്ക് സാധിക്കാറുണ്ട്. അത് ഒരു ശരീര പ്രകൃതിയായിരിക്കാം. പെട്ടെന്ന് ഒരു കഥാപാത്രം വരികയാണെങ്കിൽ രണ്ടാഴ്ചകൊണ്ട് ഞാൻ അതിന് പറ്റിയ രീതിയിൽ ശരീരം ബാലൻസ് ചെയ്യും. ആരോഗ്യകാര്യത്തിൽ ഞാൻ നന്നായി ശ്രദ്ധിക്കാറുണ്ട്. ഐസ്ക്രീം, പായസം,ഗുലാബ് ജാമൂൻ ഇതൊക്കെ എനിക്ക് ഇഷ്ടമാണ്. എന്നാൽ ഒരു പാട് തടികൂടുമ്പോൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകരുത് എന്നുള്ളത് കൊണ്ടുതന്നെ ഇതൊക്കെ ചെറിയ അളവിലേ കഴിക്കുകയുള്ളു.

ഭക്ഷണം കൂടുതൽ കഴിച്ചുവെന്ന് തോന്നുമ്പോൾ ഞാൻ വർക്കൗട്ടും യോഗയും ചെയ്യും. ലുക്ക്സ് എന്നതിനപ്പുറം ഫിറ്റ്നസ് നിലനിർത്താൻ ശ്രമിക്കാറുണ്ട്. ഞാൻ നിൽക്കുന്ന മേഖല ഇതാണ്. എന്റെ ടൂൾ എന്ന് പറഞ്ഞാൽ എന്റെ ശരീരമാണ്. സിനിമ എപ്പോഴാണ് നമ്മളിലേക്കെത്തുകയെന്ന് പറയാൻ പറ്റില്ല. ചില സിനിമകളുടെ ഷൂട്ട് പെട്ടെന്ന് ആരംഭിക്കും. ചിലത് ചെയ്യാൻ ഒന്നോ രണ്ടോ മാസത്തെ ഇടവേള കിട്ടും. എപ്പോൾ സിനിമ എത്തുന്നുവോ അപ്പോൾ നമ്മൾ ചെയ്യാൻ റെഡിയായിരിക്കണം. ഞാൻ ഈ മേഖലയെ സ്നേഹിക്കുന്നുവെന്നതിനാൽ ഫിറ്റ്നസ് നിലനിർത്തുകയെന്നത് എന്റെ ആവശ്യമാണ്'-പ്രിയങ്ക പറഞ്ഞു.