onam

സമൃദ്ധിയുടെയും സമത്വത്തിന്റെയും നല്ല നാളുകളുടെ ഒരു പുനർജ്ജനി പോലെ ഇത്തവണ തിരുവോണം എത്തിയത് ഒരു ആചാരവിശേഷമായി മാത്രമല്ല. അർത്ഥതലങ്ങൾ വേറെയുമുണ്ട്. പേമാരിയും ഉരുൾപൊട്ടലും വെള്ളപ്പൊക്കവുമൊക്കെ ചേർന്ന് സൃഷ്ടിച്ച ദുരിതങ്ങളുടെ കാർമേഘങ്ങളെ അകറ്റി നിറുത്തുംവിധം പ്രകാശം പരത്തിയാണ് ഇത്തവണ തിരുവോണത്തിന്റെ ആഗമനം. മലയാളികൾക്ക് തിരുവോണം പ്രതീക്ഷകളെ ഐശ്വര്യസമ്പൂർണമാക്കുന്ന ഒരു അവസരം കൂടിയാണ്. അസുലഭമെന്ന് കരുതേണ്ട മനോഹരമായ ഇത്തരം ഒരു അവസരം നഷ്ടമാകാതെ കാക്കാൻ സാധിച്ചുവെന്നതാണ് ഇത്തവണത്തെ തിരുവോണത്തിന്റെ പ്രധാന സവിശേഷത.

അതിജീവനത്തിന്റെ കരുത്ത് പകർന്ന സംസ്ഥാന സർക്കാർ മുതൽ പൊതുസമൂഹം വരെ ഇക്കാര്യത്തിൽ അസാധാരണ ഇച്ഛാശക്തി കാട്ടിയെന്ന് വേണം കരുതാൻ. കനിവിന്റെ കണിക പോലുമില്ലാതെ പ്രകൃതി കേരളത്തോട് ക്ഷോഭിക്കുന്നത് തുടർച്ചയായി രണ്ടാം വർഷമാണ്. ഓർക്കാപ്പുറത്തെ ദുരന്തമായി പേമാരി പെയ്തിറങ്ങുകയായിരുന്നു. പതിനായിരങ്ങളെയാണ് ദുരിതങ്ങൾ പല രീതിയിൽ വേട്ടയാടിയത്. ദുരിതങ്ങളെ കേരള സമൂഹം നേരിട്ടതും മഹാബലിയുടെ കാലത്തെ ഓർമ്മിപ്പിക്കും വിധമാണ്. മാനുഷരെല്ലാവരും ഒന്നുപോലെയാണെന്ന സന്ദേശം പ്രസരിപ്പിക്കും വിധമായിരുന്നു രക്ഷാപ്രവർത്തനം.

ജാതിയും മതവും വലിപ്പചെറുപ്പവുമൊക്കെ ദൂരെ മാറിനിന്നു.വിശേഷിച്ച്, യുവത്വത്തിന്റെ പ്രസരിപ്പിന് മുന്നിൽ. അന്യരുടെ ദുഃഖം സ്വന്തം ദുഃഖമായി നെഞ്ചിലേറ്റുന്നതിന്റെ മഹാപ്രതീകമായി മാറി ദുരിതങ്ങളോടുള്ള ഈ പടപൊരുതൽ. അസാധാരണവും മായികവുമായ ഇത്തരം ഒരു പോരാട്ടത്തിൽ ഒരു സന്ദേശം കൂടിയുണ്ട് - ദുരനുഭവങ്ങളുടെ ഭാണ്ഡവും പേറി ജീവിതം കരഞ്ഞുതീർക്കാനുള്ളതല്ലെന്ന്. ഇത്തവണ ഓണനാളുകൾ നൽകുന്ന സന്ദേശവും ഇതു തന്നെയാണ്. ദുഃഖത്തിന്റെ തടവറയിൽ കഴിയാതെ പ്രതിസന്ധികളെ നോക്കി ചിരിക്കുമ്പോഴുള്ള ഒരു വിജയമുണ്ടല്ലോ, അതും കൂടിയാണ് ഇത്തവണത്തെ ഓണാഘോഷങ്ങളുടെ സവിശേഷത. ശാസ്ത്രീയമായ ഒരു അടിത്തറ കൂടിയുണ്ട് ഈ കാഴ്ചപ്പാടിന്. ആഹ്ളാദത്തിന്റെ ആഗോളസൂചിക അനുസരിച്ച് ലോകരാജ്യങ്ങളിൽ ഫിൻലൻഡാണ് ഏറ്റവും മുന്നിൽ. പ്രതിശീർഷ വരുമാനം, ആരോഗ്യപരിപാലനം,മഹാമനസ്കത തുടങ്ങിയ ആറ് മാനദണ്ഡങ്ങളെ ആധാരമാക്കിയാണ് ഒരു നാടിന്റെ ആഹ്ളാദം വിലയിരുത്തുന്നത്.

നാടിന്റെ വികസനത്തിലൂടെ മാത്രം സാദ്ധ്യമാകുന്നതാണ് ഇതൊക്കെ. 34 ലക്ഷം രൂപയാണ് ഫിൻലൻഡിന്റെ പ്രതിശീർഷ വരുമാനം. വികസനവും ആഹ്ളാദവും പരസ്പരപൂരകങ്ങളാണെന്ന് അർത്ഥം. ഒരു പൗരാണിക സങ്കല്പത്തിന്റെ വാർഷിക അനുഷ്ഠാനം മാത്രമാണോ തിരുവോണം? അല്ലെന്ന വിളംബരമാണ് ആ സങ്കല്പത്തിൽ പോലും അടങ്ങിയിട്ടുള്ളത്. ഒരു സുരനല്ല ഭരണാധികാരിയെങ്കിൽ വരേണ്യവർഗത്തിന്റെ പ്രതിയോഗിയായി മാറും. മികവോ നന്മയോ ഒന്നും ഒരു മാനദണ്ഡമേയല്ല. അസുര ചക്രവർത്തിയായിരുന്ന മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുകയായിരുന്നു. എന്തിന്? ഈ ചോദ്യത്തിന് സുതാര്യമായ ഒരു ഉത്തരം നൽകാതെയാണ് എക്കാലത്തും കൊച്ചുമനുഷ്യർ കെണികൾ ഒരുക്കുന്നത്. കപടവേഷധാരികളെ ജാഗ്രതയോടെ കാണേണ്ടതുണ്ടെന്ന ഗുണപാഠം കൂടിയുണ്ട്, തിരുവോണവുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ.

. മാവേലി നാട് വാണീടും കാലം പോലെ ഒരു കാലം തിരിച്ചുപിടിക്കാൻ സാധിച്ചെന്ന് വരില്ല. എങ്കിലും കേരളത്തിന്റെ വികസനത്തിനും പുരോഗതിക്കും തടസം സൃഷ്ടിക്കുന്ന കൊള്ളയ്ക്ക് തടയിടാൻ യുവത്വത്തിന്റെ ഈർജ്ജത്തിന് സാധിക്കും. കൊള്ളയുടെ ഒരു രൂപം തന്നെയാണ് അഴിമതി. വികസനത്തിന്റെ നടുവൊടിക്കും വിധമാണ് അഴിമതിയുടെ മേല്പാലങ്ങൾ പണിയുന്നത്. ചതിയും പ്രച്ഛന്നവേഷത്തിൽ നിലനിൽക്കുന്നുണ്ട്. അധികാരമോഹത്തിന്റെ ബലിക്കല്ലുകളിൽ ജീവിതം ഹോമിക്കപ്പെടുന്നവർ രക്തസാക്ഷികളല്ല, ചതിക്കപ്പെടുന്നവരാണ്. വികസനസ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കേരളം കൊള്ളയും ചതിയുമില്ലാത്ത നാടായി മാറണം. ജനവിധിയുടെ വേളയിലെ പൊളിവചനങ്ങളെ മുഖവിലയ്ക്ക് എടുക്കുകയുമരുത്. ഗുണപാഠങ്ങളുടെയും സന്ദേശങ്ങളുടെയും പ്രതീകങ്ങളുടെയും ഒരു സംഹിത കൂടിയുണ്ട് തിരുവോണം എന്ന സങ്കല്പത്തിൽ. ആ സങ്കല്പം സാക്ഷാത്കരിക്കാനുള്ള യാത്രയ്ക്ക് എല്ലാ മലയാളികൾക്കും ഈ ഓണനാളുകൾ ഒരു പ്രചോദനമാകട്ടെ. എല്ലാ മാന്യവായനക്കാർക്കും ഐശ്വര്യപൂർണമായ ഓണാശംസകൾ.