കൊച്ചി: ഉത്സവകാലത്ത് ആഭരണ പ്രേമികൾക്ക് ആശ്വാസം പകർന്ന് പൊന്നിൻ വില താഴേക്ക് നീങ്ങുന്നു. ഇന്നലെ 200 രൂപ താഴ്‌ന്ന് പവൻ വില 28,240 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് വില 2,530 രൂപയിലെത്തി. ഈമാസം നാലിന് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നു. പവന് 29,120 രൂപയും ഗ്രാമിന് 3,640 രൂപയുമായിരുന്നു അന്ന് വില. അന്നു മുതൽ ഇന്നലെ വരെയായി പവന് 880 രൂപയും ഗ്രാമിന് 110 രൂപയുമാണ് കുറഞ്ഞത്.
കഴിഞ്ഞവാരം ട്രോയ് ഔൺസിന് 1,550 ഡോളറോളം ഉയർന്ന അന്താരാഷ്‌ട്ര സ്വർണവില 1,500 ഡോളറിന് താഴേക്ക് എത്തിയതും ഡോളറിനെതിരെ രൂപയുടെ മൂല്യം നേരിയ തോതിൽ മെച്ചപ്പെട്ടതുമാണ് സ്വർണവില കുറയാൻ കാരണമായത്. സെപ്‌തംബർ നാലിന് അന്താരാഷ്‌ട്ര വില 1,557 ഡോളറായിരുന്നു. ഇന്നലെ അത് 1,490 ഡോളർ വരെ താഴ്‌ന്നു.
അതേസമയം, രണ്ടുവർഷത്തിനകം സ്വർണവില 2,000 ഡോളർ ഭേദിച്ചേക്കുമെന്ന് അമേരിക്കൻ ധനകാര്യ സ്ഥാപനമായ സിറ്റിഗ്രൂപ്പ് അഭിപ്രായപ്പെട്ടു. ആഗോള സാമ്പത്തിക മാന്ദ്യം രൂക്ഷമാകുമെന്നും നിക്ഷേപകർ സ്വർണത്തിൽ അഭയം പ്രാപിക്കുമെന്നും ഇത് വിലക്കുതിപ്പിന് വഴിയൊരുക്കുമെന്നും സിറ്റി ഗ്രൂപ്പ് സൂചിപ്പിച്ചു. 2011ൽ വില റെക്കാഡായ 1,921 ഡോളർ വരെ എത്തിയിരുന്നു. അന്താരാഷ്‌ട്ര വില 2,000 ഡോളർ കടന്നാൽ, കേരളത്തിൽ പവൻ വില 35,000 രൂപയെങ്കിലുമെത്തും.