മുംബയ്: ബോളിവുഡ് നടി ഊർമ്മിള മാതോംഡ്കർ കോൺഗ്രസിൽ നിന്ന് രാജിവച്ചു. വിഭാഗിയത ചൂണ്ടിക്കാട്ടിയാണ് രാജി. അഞ്ച് മാസം മുമ്പാണ് ഊർമ്മിള കോൺഗ്രസിൽ ചേർന്നത്. മുബയിലുള്ള കോൺഗ്രസ് നേതാക്കളിൽ ആർക്കും പാർട്ടിയിൽ നല്ല മാറ്റം കൊണ്ടുവരാൻ സാധിക്കുന്നില്ലെന്നും, നിസാരമായ പാർട്ടി ഉൾപ്പോരുകൾക്കു തന്നെ ഉപയോഗപ്പെടുത്തുന്നതു കണ്ടുനിൽക്കാൻ രാഷ്ട്രീയ, സാമൂഹിക ബോധം അനുവദിക്കുന്നില്ലെന്നും ഊർമ്മിള മാതോംഡ്കർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ നോർത്ത് മുംബയ് മണ്ഡലത്തിൽ മത്സരിച്ച ഊർമ്മിളയെ ബി.ജെ.പി സ്ഥാനാർത്ഥി ഗോപാൽ ഷെട്ടി പരാജയപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുമ്പ് തന്നെ പ്രാദേശിക നേതാക്കളുടെ നിസഹകരണവും ഗ്രൂപ്പ് പോരും സാമ്പത്തിക ക്രമക്കേടും ചൂണ്ടിക്കാട്ടി മുംബയ് ഘടകം അദ്ധ്യക്ഷന് ഊർമ്മിള എഴുതിയ കത്ത് പുറത്ത് വന്നിരുന്നു. ഈ കത്തിന് മറുപടി ലഭിക്കാതായപ്പോൾ മുതൽ രാജിയെപ്പറ്റി ആലോചിക്കുകയായിരുന്നെന്നും ഊർമ്മിള മാതോംഡ്കർ കൂട്ടിച്ചേർത്തു.