പൂനെ: ഭീമാ കൊറെഗാവ് കേസിൽ ബന്ധമുണ്ടെന്ന് ആരോപിച്ച് എഴുത്തുകാരനും മനുഷ്യാവകാശപ്രവർത്തകനുമായ ഡോ. ഹാനി ബാബുവിന്റെ നോയിഡയിലെ വസതിയിൽ പൂനെ പൊലീസ് റെയ്ഡ് നടത്തി. ആരെയും ആറസ്റ്റ് ചെയ്തിട്ടില്ലെന്നും ഹാനിയുടെ വീട്ടിൽനിന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തതായും എ.സി.പി ശിവജി പവാർ പറഞ്ഞു. വാറന്റില്ലാതെ തങ്ങളുടെ വീട്ടിൽ ആറുമണിക്കൂറോളം പൊലീസ് തെരച്ചിൽ നടത്തിയെന്നും മൊബൈൽ ഫോൺ, ലാപ്ടോപ്പ്, പെൻഡ്രൈവ്, ലേഖനങ്ങൾ തുടങ്ങിയവ പിടിച്ചുകൊണ്ടുപോയതായും ഹാനി ബാബുവിന്റെ ഭാര്യ ജെനി റൊവീനയും പറഞ്ഞു. എഴുത്തുകാരിയും മനുഷ്യാവകാശപ്രവർത്തകയുമാണ് ജെനി.ഡൽഹി സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനായ ഹാനി ബാബു തൃശൂർ സ്വദേശിയാണ്. ഭാര്യ ജെനി കോഴിക്കോട് സ്വദേശിയും. നേരത്തേ ഭീമാ കൊറേഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് സാമൂഹിക-രാഷ്ട്രീയ-മനുഷ്യാവകാശ പ്രവർത്തകരായ ഒമ്പതോളംപേരെ നേരത്തേ പൂനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
2018 ജനുവരി ഒന്നിനു പൂനെയിലെ ശനിവർവാഡയിൽ എൽഗാർ പരിഷത്ത് സംഘടിപ്പിച്ച ഭീമാ കൊറേഗാവ് സമരത്തിനിടെ സംഘർഷത്തിനു ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് ഇവരെയെല്ലാം അറസ്റ്റ് ചെയ്തത്.