kashmir

ന്യൂഡൽഹി: കാശ്മീർ വിഷയത്തിൽ ചൈന-പാകിസ്ഥാൻ സംയുക്ത പ്രസ്താവനയ്ക്കെതിരെ ഇന്ത്യ രംഗത്ത്. ചൈനീസ് വിദേശകാര്യ മന്ത്രിയുടെ പാക് സന്ദർശനത്തിനു ശേഷമുണ്ടായ സംയുക്ത പ്രസ്താവന ഇന്ത്യ തള്ളിക്കളയുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു. ജമ്മു കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. പാക് അധിനിവേശ കാശ്മീരിലൂടെ കടന്നുപോകുന്ന ചൈന-പാക് സാമ്പത്തിക ഇടനാഴി പദ്ധതിയെക്കുറിച്ച് ഇന്ത്യ നിരന്തരം ആശങ്ക അറിയിച്ചതാണ്. മേഖലയിലെ പ്രശ്നത്തിൽ മറ്റു രാജ്യങ്ങൾ ഇടപെടുന്നതിനെ ഇന്ത്യ ശക്തമായി എതിർത്തു പോരുന്നതുമാണ്- രവീഷ് കുമാർ‌ വ്യക്തമാക്കി. കാശ്മീർ വിഷയം യു.എൻ ഉടമ്പടിപ്രകാരവും സമാധാനപരമായ ഉഭയകക്ഷി ചർച്ചകളിലൂടെയും പരിഹരിക്കണമെന്നാണ് സംയുക്തപ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നത്.
ഞായറാഴ്ചയാണ് പാകിസ്ഥാനും ചൈനയും കാശ്മീർ വിഷയത്തിൽ ചർച്ച നടത്തിയത്. പരസ്പര ബഹുമാനത്തോടെയും തുല്ല്യതയോടെയും പ്രശ്നം പരിഹരിക്കണമെന്നും അതിനായി പാകിസ്ഥാന് എല്ലാ പിന്തുണയും നൽകുന്നുവെന്നും ചൈന പറഞ്ഞിരുന്നു. ചൈനീസ് വിദേശകാര്യ മന്ത്രി പാകിസ്ഥാനിൽ നടത്തിയ ദ്വിദിന സന്ദർശനത്തിനു ശേഷമായിരുന്നു സംയുക്ത പ്രസ്താവന. പാ​ക് വി​ക​സ​ന പ​ദ്ധ​തി​ക​ളി​ൽ 100 കോ​ടി ഡോ​ള​റി‍ന്റെ നി​ക്ഷേ​പം ന​ട​ത്തുമെന്ന് പാ​കി​സ്ഥാനി​ലെ ചൈ​നീ​സ് അം​ബാ​സ​ഡ​ർ യൂ ​ജിംഗ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.കാശ്മീർ വിഷയം അന്താരാഷ്ട്രതലത്തിൽ കൊണ്ടുവരാനായി പാകിസ്ഥാനൊപ്പം നിലകൊണ്ട രാജ്യമാണ് ചൈന. യു.എൻ സുരക്ഷാ സമിതിയിലടക്കം കാശ്മീർ വിഷയം ഉന്നയിക്കപ്പെട്ടെങ്കിലും, കാശ്മീർ തങ്ങളുടെ ആഭ്യന്തര വിഷയമാണെന്ന ഇന്ത്യയുടെ നിലപാടിനൊപ്പമായിരുന്നു ഭൂരിപക്ഷം രാജ്യങ്ങളും നിലകൊണ്ടത്. ചൈന മാത്രമായിരുന്നു ഈ വിഷയത്തിൽ പാകിസ്ഥാനെ പിന്തുണച്ചിരുന്നത്.