ജെനീവ: ജമ്മു കാശ്മീരിനെ ഇന്ത്യൻ സംസ്ഥാനമെന്ന് വിശേഷിപ്പിച്ച് പാക് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി. യു.എൻ മനുഷ്യാവകാശ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. കാശ്മീരിൽ ഐക്യരാഷ്ട്രസഭയുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സംസാരിക്കുന്നതിനിടെയാണ് ഖുറേഷി കാശ്മീരിനെ ഇന്ത്യൻ സംസ്ഥാനം എന്ന് വിശേഷിപ്പിച്ചത്.
കശ്മീരിൽ മനുഷ്യാവകാശങ്ങൽ ചവിട്ടിമെതിയ്ക്കപ്പെടുകയാണെന്നും 80 ലക്ഷത്തോളം കാശ്മീരികൾ സൈന്യത്തിന്റെ തടവിലാണെന്നും ഖുറേഷി ആരോപിച്ചു. ഇതിനിടെ, കാശ്മീർ ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും ഖുറേഷി ആവർത്തിച്ചു. 'ഇന്ത്യന്‍ സംസ്ഥാനമായ ജമ്മു കശ്മീർ' എന്ന് പറഞ്ഞുകൊണ്ടാണ് ഖുറേഷി മാദ്ധ്യമങ്ങളോട് സംസാരിച്ചത്. കാശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി നിയമവിരുദ്ധമാണെന്നും അത് ഇന്ത്യയുടെ ആഭ്യന്തരവിഷയം മാത്രമല്ലെന്നും ഖുറേഷി പറഞ്ഞു.
കാശ്മീർ വിഷയത്തിൽ ഇതിനുമുൻപ് പാകിസ്ഥാൻ ഐക്യരാഷ്ട്രസഭയ്ക്ക് കത്ത് നൽകിയിരുന്നു. ഇതിനു ശേഷം വീണ്ടും മനുഷ്യാവകാശ കൗൺസിലിൽ ആരോപണമുയർത്തുകയായിരുന്നു. ഇന്ന് വൈകിട്ട് ആറ് മണി കഴിഞ്ഞ് നടക്കുന്ന സെഷനിൽ ഖുറേഷിയുടെ ആരോപണങ്ങൾക്ക് ഇന്ത്യ മറുപടി നൽകും. വിദേശകാര്യ സെക്രട്ടറി(ഈസ്റ്റ്) വിജയ് ഠാക്കൂർ സിംഗിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് ഐക്യരാഷ്ട്ര സഭയിലെ മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്.