chandrayan-2

പാരീസ്: ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചന്ദ്രയാൻ 2 അയച്ചത് ശാസ്ത്രലോകത്ത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. എന്നാൽ ചന്ദ്രയാന്റെ അവസാന ഘട്ടത്തിൽ ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് 350 മീറ്റർ അകലെ വിക്രം ലാൻഡർ താഴെക്ക് പതിക്കുകയായിരുന്നു. തുടർന്ന് ലാൻഡിങ്ങിന്റെ അവസാന നിമിഷം ലാൻഡറുമായി ബന്ധം നഷ്ടപ്പെടുകയും ചെയ്തു. ഇതേസമയം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്നവരെ കാത്തിരിക്കുന്നത് വൻ ദുരന്തമാണെ യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ (ഇ‌.എസ്‌.എ) റിപ്പോർട്ടിൽ പറയുന്നത്. യൂറോപ്യൻ ബഹിരാകാശ ഏജൻസി നേരത്തെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് ആളില്ലാ ദൗത്യം ആസൂത്രണം ചെയ്തിരുന്നു. എന്നാൽ ഫണ്ടിന്റെ അഭാവം മൂലം അത് റദ്ദാക്കുകയായിരുന്നു.

ഇ‌.എസ്.എ അസൂത്രണ സമയത്ത് നടത്തിയ പഠനങ്ങളിലാണ് ദക്ഷിണധ്രുവത്തിലെ അപകടങ്ങളെ കുറിച്ച് വ്യക്തമാക്കുന്നത്. ഈ റിപ്പോർട്ട് പിന്നീട് പുറത്തുവിട്ടിരുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവം സങ്കീർണമായ അന്തരീക്ഷമാണെന്നും അതുകൊണ്ട് തന്നെ ലാ‍‍ൻഡിങ്ങ് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.ചന്ദ്രോപരിതലത്തിലെ ശക്തമായ പൊടിപടലങ്ങൾ ഉപകരണങ്ങളിൽ പറ്റിനിൽക്കുകയും യാന്ത്രിക പ്രശ്‌നങ്ങൾ സൃഷ്ടിക്കാനും സാധ്യത ഏറെയാണ്. ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ലാൻഡറിലെ സോളാർ പാനലുകളുടെയും മറ്റ് സിസ്റ്റങ്ങളുടെയും കാര്യക്ഷമത കുറയ്‌ക്കാൻ പൊടിപടലങ്ങൾ കാരണമാകുമെന്നും പറയുന്നു.

ഇലക്ട്രോസ്റ്റാറ്റിക്കിന്റെ സാന്നിധ്യമാണ് കൂടുതൽ അപകടസാധ്യത സൃഷ്ടിക്കുന്നത്. ഈ കണികകൾ മൂലമുണ്ടാകുന്ന ഇലക്ട്രോസ്റ്റാറ്റിക് ചാർജിങ് ലാൻഡറുകൾക്ക് മാത്രമല്ല മനുഷ്യർക്കും അപകടമാണ്. ചന്ദ്രനിലെ പൊടിപടലങ്ങളെ കുറിച്ച് കുടുതൽ അറിവ് മനുഷ്യർക്കില്ല. ചന്ദ്രന്റെ ഉപരിതലത്തെ കുറിച്ചുള്ള വിവരങ്ങൾ അനന്തമാണെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.