ജനീവ: കാശ്‌മീർ വിഷയത്തിൽ മനുഷ്യാവകാശ ലംഘനം ആരോപിക്കുന്ന പാകിസ്ഥാന് എതിരെ ആഞ്ഞടിച്ച് ഐക്യരാഷ്‌ട്രസഭാ മനുഷ്യാവകാശ കൗൺസിൽ യോഗത്തിൽ ഇന്ത്യയുടെ മറുപടി. പാകിസ്ഥാനെ ആഗോള ഭീകരതയുടെ പ്രഭവ കേന്ദ്രമെന്ന് വിശേഷിപ്പിച്ച ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി (ഈസ്റ്റ്) വിജയ് താക്കൂർ സിംഗ്, പാകിസ്ഥാന് മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് സംസാരിക്കാൻ അവകാശമില്ലെന്നും പറഞ്ഞു.ജമ്മു കാശ്മീരിനുള്ള പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയ തീരുമാനം ഇന്ത്യൻ പാർലമെന്റിന്റെ അധികാര പരിധിയിലുള്ള വിഷയമാണെന്നും, സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ഭീകരവാദം നേരിടാനെന്നും യോഗത്തിൽ ഇന്ത്യ നിലപാട് ആവർത്തിച്ചു വ്യക്തമാക്കി. ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി നിയമവിരുദ്ധമാണെന്നും അത് ഇന്ത്യയുടെ ആഭ്യന്തരവിഷയം മാത്രമല്ലെന്നുമായിരുന്നു പാക് വാദം. 80 ലക്ഷത്തോളം കാശ്മീരികൾ സൈന്യത്തിന്റെ തടവറയിലാണെന്നും അവശ്യവസ്തുക്കൾക്ക് ക്ഷാമം നേരിടുകയാണെന്നും പാകിസ്ഥാൻ ആരോപിച്ചു. കാശ്മീർ വിഷയത്തിൽ രാജ്യാന്തര വേദികളിൽ നിന്ന് പലതവണ തിരിച്ചടി നേരിട്ടതിന് പിന്നാലെയായിരുന്നു യു.എൻ മനുഷ്യാവകാശ കൗൺസിലിലും വിഷയം ഉന്നയിക്കാനുള്ള പാകിസ്ഥാന്റെ വിഫലശ്രമം.അതേസമയം, യോഗത്തിൽ പങ്കെടുത്ത പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി മാധ്യമപ്രവർത്തകരോടു സംസാരിക്കവെ കാശ്മീരിനെ ഇന്ത്യൻ സംസ്ഥാനമെന്നു വിശേഷിപ്പിച്ചത് പാകിസ്ഥാന്റെ അവകാശവാദങ്ങൾ തള്ളുന്ന നിലയിലായി. കാശ്മീരിൽ എല്ലാം സാധാരണ നിലയിലാണെന്ന് ഇന്ത്യ പറയുന്നത് ശരിയാണെങ്കിൽ, 'ഇന്ത്യൻ സംസ്ഥാന'മായ ജമ്മു കാശ്മീരിലേക്കു പോകാൻ അവർ എന്തുകൊണ്ട് വിദേശമാധ്യമങ്ങളെ അനുവദിക്കുന്നില്ല എന്നായിരുന്നു ഖുറേഷിയുടെ ചോദ്യം. 'അവർ നുണ പറയുകയാണ്. കർഫ്യൂ പിൻവലിച്ചാൽ യാഥാർത്ഥ്യം പുറത്തുവരും, അവിടെ നടക്കുന്ന ദുരന്തത്തെക്കുറിച്ച് ലോകം അറിയും'- ഖുറേഷി പറഞ്ഞു.