v-muraleedaran

കോഴിക്കോട്: നിവേദക സംഘത്തോടൊപ്പം തന്നെ കാണാനെത്തിയ കരിപ്പൂർ വിമാനത്താവള ഡയറക്ടറെ പരസ്യമായി ശാസിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. മലബാർ വികസന ഫോറം ഭാരവാഹികൾക്കൊപ്പം എയർപ്പോർട്ട് ഡയറക്ടർ ശ്രീനിവാസ റാവു തന്നെ കാണാൻ കോഴിക്കോട് ഗസ്റ്റ്ഹൗസിൽ എത്തിയതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. കരിപ്പൂർ വിമാനത്താവളം നേരിടുന്ന വിവിധ പ്രശ്നങ്ങൾ സംബന്ധിച്ച നിവേദനം സമർപ്പിക്കാനായിരുന്നു മലബാർ ഡെവലപ്പ്മെന്റ് ഫോറം ഇവിടേക്കെത്തിയത്. ഇവരുടെ ഒപ്പം ശ്രീനിവാസ റാവു തന്നെ കാണാൻ എത്തിയത് ശരിയായില്ലെന്ന് വി.മുരളീധരൻ പറഞ്ഞു.

'നിവേദക സംഘത്തോടൊപ്പം നിങ്ങൾ എന്നെ കാണാൻ വരാൻ പാടില്ല. ഇങ്ങനെയല്ല എന്നെ നിങ്ങൾ വന്നു കാണേണ്ടത്. മറ്റുള്ളവർക്ക് വരാം. ഞാൻ സമ്മതിക്കുന്നു. നിങ്ങളുടെ എയർപോർട്ടിൽ ഒരു മന്ത്രി വരുന്നത് നിങ്ങൾ അറിഞ്ഞില്ല. അങ്ങനെയൊരു വീഴ്ച എന്തുകൊണ്ട് ഉണ്ടായി എന്ന് നിങ്ങൾ കണ്ടുപിടിക്കണം.' വി.മുരളീധരൻ എയർപോർട്ട് ഡയറക്ടറോട് പറഞ്ഞു.

താൻ വിമാനത്താവളത്തിൽ എത്തിയപ്പോൾ എന്തുകൊണ്ട് ഡയറക്ടർ തന്നെ കാണാൻ എത്തിയില്ലെന്നും മന്ത്രി ചോദിച്ചു. എന്നാൽ കേന്ദ്രമന്ത്രി എത്തുന്നത് സംബന്ധിച്ചുള്ള വിവരങ്ങളൊന്നും തനിക്ക് ലഭിച്ചിരുന്നില്ലെന്നാണ് ശ്രീനിവാസ റാവു മാദ്ധ്യമങ്ങളോട് പറഞ്ഞത്. വിമാനത്താവളം സംബന്ധിച്ച് മന്ത്രിക്ക് എന്തെങ്കിലും വ്യക്തത ആവശ്യമുണ്ടെങ്കിൽ അത് നൽകുന്നതിന് വേണ്ടിയാണ് താൻ ഗസ്റ്റ് ഹൗസിലേക്ക് എത്തിയതെന്നും നിവേദക സംഘത്തിന്റെ ഭാഗമായല്ല താൻ വന്നതെന്നും അദ്ദേഹം വിശദീകരിച്ചു.