തിരുവനന്തപുരം: ജനങ്ങളുടെ കഴുത്തറുക്കുന്ന വിധത്തിൽ നടപ്പിലാക്കിയ കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 16ന് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയയ്ക്കും. കേന്ദ്രമോട്ടോർ വാഹന നിയമത്തിൽ ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സ്വീകരിച്ച രീതി ചൂണ്ടിക്കാട്ടുന്ന സംസ്ഥാന സർക്കാർ ഇത് പിന്തുടരാൻ കേരളത്തെയും അനുവദിക്കണമെന്ന് ആവശ്യപ്പെടും. കേന്ദ്രനിയമത്തെ ഭേദഗതിയിലൂടെ മറികടക്കുന്നത് നിയമക്കുരുക്കിന് കാരണമാകുമെന്ന ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇളവ് തേടി കേന്ദ്രത്തെ സമീപിക്കാൻ തീരുമാനിച്ചത്.
കേന്ദ്രനിയമം സെപ്തംബർ ഒന്നിന് നടപ്പിലാക്കുമെന്ന് കാണിച്ച് ആഗസ്റ്റ് 31ന് തന്നെ സംസ്ഥാനം വിജ്ഞാപനമിറക്കിയിരുന്നു. ഇത് റദ്ദാക്കുക എളുപ്പമല്ല. പാർലമെന്റ് പാസാക്കിയ നിയമത്തെ മറികടന്ന് മറ്റൊന്നു കൊണ്ടു വരാൻ സംസ്ഥാനത്തിന് കഴിയില്ലെന്നാണ് ഗതഗത വകുപ്പിന് ലഭിച്ച നിയമോപദേശം. പ്രത്യേക സാഹചര്യമെന്ന് വാദിച്ച് ഓർഡിനൻസോ നിയമമോ കൊണ്ടു വരണമെങ്കിൽ കേന്ദ്ര ഗതാഗത, ആഭ്യന്തര, നിയമ വകുപ്പുകളുടെ അനുവാദം വേണം. ഇങ്ങനെയുള്ള ഓർഡിനൻസിനും നിയമത്തിനും രാഷ്ട്രപതിയുടെ അംഗീകാരവും വേണം. ഇതിനിടയിൽ വാഹന പരിശോധനയിൽ വൻ തുക പിഴയായി ഈടാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. പിഴ ലഭിച്ചവർ തങ്ങൾ കോടതിയിൽ അടച്ചേക്കാമെന്ന നിലപാട് സ്വീകരിച്ചത് ഉദ്യോഗസ്ഥർക്കും തലവേദനയായി. തുടർന്ന് തത്കാലത്തേക്ക് കനത്ത പിഴ ഈടാക്കേണ്ടെന്നും കേന്ദ്രത്തോട് ഇളവ് തേടാനും തീരുമാനമായത്.
ആദ്യം എതിർത്തത് ബംഗാൾ
കേന്ദ്രം നിയമം നടപ്പിലാക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ചത് പശ്ചിമ ബംഗാൾ സർക്കാരാണ്. മദ്ധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, തെലങ്കാന, തമിഴ്‌നാട് സർക്കാരുകളും തത്കാലം നിയമം നടപ്പിലാക്കേണ്ടെന്നു തീരുമാനിച്ചു. ഗുജറാത്ത്, ആന്ധ്രപ്രദേശ്, കർണാടക സംസ്ഥാനങ്ങൾ ബോധവത്കരണത്തിനു ശേഷം നിയമം നടപ്പിലാക്കിയാൽ മതിയെന്ന തീരുമാനത്തിലാണ്. ഇതിന് പിന്നാലെ ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങൾ പിഴ വെട്ടിക്കുറയ്‌ക്കുകയും ചെയ്‌തിരുന്നു.
എന്തിനീ വ്യഗ്രത
കേന്ദ്രം 2013ൽ പാസാക്കിയ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം കേരളം പൂർണമായി നടപ്പിലാക്കിയത് കഴിഞ്ഞ വർഷമാണ്. അതും കേന്ദ്രം പലവട്ടം മുന്നറിയിപ്പ് നൽകിയ ശേഷം. പക്ഷേ മോട്ടോർ വാഹന പിഴത്തുക ഉയർത്തിയ നിയമം അന്ന് തന്നെ നടപ്പിലാക്കുകയും ചെയ്തു.