news

1. മരടിലെ അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാനുള്ള ഉത്തരവ് ചോദ്യം ചെയ്ത് ഫ്ളാറ്റ് ഉടമകള്‍ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കി. അവസാനശ്രമം, റിട്ട് ഹര്‍ജികള്‍ സ്വീകരിക്കാന്‍ സുപ്രീംകോടതി രജിസ്ട്രി തയാറാകാത്ത സാഹചര്യത്തില്‍. മൂന്നംഗ സമിതിയ്ക്ക് എതിരെയും ഫ്ളാറ്റ് ഉടമകളുടെ ആരോപണം. മൂന്നംഗ സമിതി കബളിപ്പിച്ചു. സമിതി അതേപടി റിപ്പോര്‍ട്ട് അംഗീകരിച്ചത് ഗുരുതര പിഴവ്. സമിതിയില്‍ അംഗം ആകേണ്ടി ഇരുന്നത് തദ്ദേശ സ്വയംഭരണ സെക്രട്ടറി. പകരം സ്‌പെഷ്യല്‍ സെക്രട്ടറി അംഗമായത് കോടതി ഉത്തരവിന്റെ ലംഘനം എന്നും ഫ്ളാറ്റ് ഉടമകള്‍




2. ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കണം എന്ന് ആവശ്യപ്പെട്ട് പ്രത്യേക അപേക്ഷയും നല്‍കിയിട്ടുണ്ട്. മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങളുമായി ബന്ധപ്പെട്ട പുതിയ ഹര്‍ജികള്‍ സ്വീകരിക്കരുത് എന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം നിലവിലുണ്ട്. എന്നാല്‍, തിരുത്തല്‍ ഹര്‍ജി സമര്‍പ്പിക്കുന്നതില്‍ തടസമില്ല എന്നായിരുന്നു ഫ്ളാറ്റ് ഉടമകള്‍ക്ക് ലഭിച്ച നിയമോപദേശം. തിരുത്തല്‍ ഹര്‍ജി പരിഗണിക്കാന്‍ തീരുമാനിച്ചാല്‍ മൂന്ന് മുതിര്‍ന്ന ജഡ്ജിമാര്‍ അടക്കം അഞ്ച് ജഡ്ജിമാരടങ്ങിയ ബെഞ്ചാകും പരിഗണിക്കുക
3. അതിനിടെ, ഫ്ളാറ്റുകളില്‍ നിന്നും ഒഴിഞ്ഞു പോകണമെന്ന് കാണിച്ച് നഗരസഭ നോട്ടീസ് നല്‍കിയതിന് എതിരെ മരടിലെ ഫ്ളാറ്റ് ഉടമകള്‍ നഗരസഭയ്ക്ക് മുന്നില്‍ നിരാഹാര സമരം നടത്തുക ആണ്. ഓണാവധി ദിവസമായിട്ടും നോട്ടീസ് പതിച്ചതിന് എതിരെ വലിയ പ്രതിഷേധം ആണ് ഫ്ളാറ്റ് ഉടമകളുടെ ഭാഗത്തു നിന്നുണ്ടായത്. ഈ പശ്ചാത്തലത്തില്‍ ആണ് തിരുവോണ ദിവസം നിരാഹാരം ഇരിക്കാന്‍ ഉടമകള്‍ തീരുമാനിച്ചത്. നഗരസഭയില്‍ നിന്ന് ജീവനക്കാര്‍ പുറത്ത് പോകുന്നത് വരെ സമരം തുടരും. ഓണാവധിക്ക് ശേഷം നേരിട്ടെത്തി നോട്ടീസ് കൈപറ്റാമെന്ന് പറഞ്ഞിട്ടും അധികൃതര്‍ തയ്യാറായില്ലെന്ന് ഉടമകള്‍ പറയുന്നു
4. മോട്ടോര്‍ വാഹന നിയമത്തിലെ പിഴ തുകയ്ക്ക് ഇളവ് നല്‍കുന്നത് കേരളം പരിഗണിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നീക്കം ഗുജറാത്ത് ഉള്‍പ്പെടെ ഉള്ള സംസ്ഥാനങ്ങള്‍ ഇളവ് നല്‍കിയ പശ്ചാത്തലത്തില്‍. മോട്ടോര്‍ വാഹന നിയമ ഭേദഗതി നടപ്പാക്കാത്ത സംസ്ഥാനങ്ങളുടെ മാതൃക കേരളം പരിഗണിക്കും. ഈ മാസം 16നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദന്‍ ഗതാഗത സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
5. ടി.ഡി.പി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു വീട്ടു തടങ്കലില്‍. മകന്‍ നാരാ ലോകേഷും വീട്ടു തടങ്കലില്‍. നടപടി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അക്രമത്തിന് എതിരെ പ്രതിഷേധ റാലി നടത്താനിരിക്കെ. ഇന്ന് രാവിലെ 8 മണി മുതലാണ് റാലി നടത്താന്‍ തീരുമാനിച്ച് ഇരുന്നത്. എന്നാല്‍ റാലിക്കുള്ള അനുമതി പൊലീസ് നിഷേധിക്കുകയും റാലി നടത്താന്‍ ഇരുന്ന ഗുണ്ടൂരില്‍ സംസ്ഥാന സര്‍ക്കാര്‍ നിരോധനാജ്ഞയും പ്രഖ്യാപിക്കുകയും ചെയ്തു. ടി.ഡി.പിയുടെ പ്രധാന നേതാക്കള്‍ എല്ലാം വീട്ടു തടങ്കലില്‍ ആണ്.
6. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ എത്തി 100 ദിവസത്തിനിടെ എട്ട് ടിഡിപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു എന്നാണ് ചന്ദ്രബാബു നായിഡു ആരോപിക്കുന്നത്. ഇത് ജനാധിപത്യത്തിന്റെ ഇരുണ്ട ദിനമാണ് എന്നും ഇന്ന് രാത്രി എട്ട് മണിവരെ ഉപവാസ സമരം ഇരിക്കുമെന്നും നായിഡു പറഞ്ഞു. ടി.ഡി.പിയാണ് അക്രമം അഴിച്ചുവിട്ടത് എന്ന് ആരോപിച്ച് വൈ.എസ്. ആര്‍ കോണ്‍ഗ്രസും ഇന്ന് പ്രതിഷേധം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
7 ഉന്നാവോ പീഡനക്കേസിന്റെ വിചാരണ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ഒരുക്കിയ താത്കാലിക കോടതിയില്‍ ഇന്നാരംഭിക്കും. പെണ്‍കുട്ടിയുടെ ആവശ്യ പ്രകാരം പ്രത്യേക ജഡ്ജി ധര്‍മേശ് ശര്‍മ്മ കേസ് പരിഗണിച്ച് മൊഴി രേഖപ്പെടുത്തും. മൊഴി രേഖപ്പെടുത്താന്‍ ഡല്‍ഹി ഹൈക്കോടതിയും അനുമതി നല്‍കി. മൊഴി രേഖപ്പെടുത്തും മുമ്പ് ഡോക്ടര്‍മാര്‍ പെണ്‍കുട്ടിയുടെ ആരോഗ്യ നില പരിശോധിക്കുകയും കോടതിയെ അറിയിക്കുകയും വേണം. സി.ബി.ഐയുടെയും പ്രതി കുല്‍ദീപ് സിംഗ് സെന്‍ഗറിന്റെയും അഭിഭാഷകര്‍ താത്കാലിക കോടതിയില്‍ ഹാജരാകും
8. രഹസ്യ വിചാരണ ആയതിനാല്‍ പൊതുജനങ്ങള്‍ക്കും മാദ്ധ്യമങ്ങള്‍ക്കും പ്രവേശനമുണ്ടാകില്ല. താത്കാലിക കോടതിക്ക് സമീപത്തെ സി.സി.ടി.വി കാമറകള്‍ പ്രവര്‍ത്തന രഹിതം ആക്കണമെന്ന് സെഷന്‍സ് ജഡ്ജി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദൈനംദിന വിചാരണയാകും നടത്തുക. ഇതിനിടെ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉന്നാവ് പെണ്‍കുട്ടിയുടെ മൊഴി പുറത്ത് വന്നിരുന്നു. കാറപകടത്തിന് പിന്നില്‍, ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ എന്നാണ് ഉന്നാവോ പെണ്‍കുട്ടി മൊഴി നല്‍കിയത്. തന്നെ ഇല്ലാതാക്കുക ആയിരുന്നു കുല്‍ദീപിന്റെ ലക്ഷ്യമെന്നും ഇതിനായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് അപകടമെന്നും പെണ്‍കുട്ടി മൊഴിയില്‍ പറയുന്നു
9. മധ്യപ്രദേശ് പി.സി.സിയിലെ തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് മുഖ്യമന്ത്രിയും നിലവിലെ പിസിസി അധ്യക്ഷനുമായ കമല്‍നാഥുമായി കൂടിക്കാഴ്ച നടത്തും. പി.സി.സി അധ്യക്ഷപദം ജ്യോതിരാദിത്യ സിന്ധ്യക്ക് നല്‍കാന്‍ ആകില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കമല്‍നാഥും മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ്ങും. കമല്‍നാഥ് മുഖ്യമന്ത്രി ആയതിനാല്‍ പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയണം എന്ന ആവശ്യത്തില്‍ ഉറച്ച് ജ്യോതിരാദിത്യ സിന്ധ്യയും. ഇരു പക്ഷങ്ങളും നിലപാടുകളില്‍ ഉറച്ചുനിന്നാല്‍ പൊതു സ്വീകാര്യനായ നേതാവിനെ തിരഞ്ഞെടുക്കുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങിയേക്കും.
10. ഇന്നലെ സോണിയ ഗാന്ധി ജോതിരാദിത്യ സിന്ധ്യയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു എങ്കിലും മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് ചര്‍ച്ചകളെ തുടര്‍ന്ന് മാറ്റി വച്ചിരുന്നു. അധ്യക്ഷ സ്ഥാനം ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് വരെ സിന്ധ്യ സൂചന നല്‍കിയിരുന്നു. മധ്യപ്രദേശിലെ ഭൂരിഭാഗം എം.എല്‍.എമാരും, മന്ത്രിമാരും സിന്ധ്യക്ക് അനുകൂലമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിന്ധ്യയെ പ്രസിഡന്റ് ആക്കണം എന്ന് ആവശ്യപ്പെട്ട് ബോര്‍ഡുകളും പോസ്റ്ററുകളും ഉയര്‍ന്നിട്ട് ഉണ്ട്. മധ്യപ്രദേശിലെ പ്രശ്നം പരിഹരിക്കാന്‍ എ.കെ ആന്റണിയുടെ നേതൃത്വത്തില്‍ ഉള്ള സമിതിയെയും നിയോഗിച്ചിട്ടുണ്ട്.
11. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഏഷ്യന്‍ ചാംപ്യന്മാരായ ഖത്തറിനെ സമനിലയില്‍ തളച്ച് ഇന്ത്യ. ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗിന്റെ മികച്ച പ്രകടനമാണ് ഖത്തറിനെ ഗോള്‍രഹിത സമനിലയില്‍ തളക്കാന്‍ സഹായിച്ചത്. പതറിപ്പോയ ആദ്യ പകുതിയില്‍ ഇന്ത്യക്ക് കാവലായത് ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധു ആയിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ ഇന്ത്യ തിരിച്ചുവന്നു. ആഷിഖ് കുരുണിയന് പകരം ആദ്യ ഇലവനില്‍ അവസരം ലഭിച്ച യുവ മലയാളിതാരം സഹല്‍ അബ്ദു സമദ് മികച്ച പ്രകടനം കാഴ്ച്ച വച്ചതോടെ ഗോളവസരങ്ങള്‍ കൈവന്നു