തിരുവനന്തപുരം: മലയാളത്തിൽ പരീക്ഷ നടത്താത്തതിൽ പ്രതിഷേധിച്ച് മലയാളത്തിനെ സാഹിത്യ–സാംസ്കാരിക നായകർ ഒത്തുചേർന്നു. രാജ്യത്തുള്ള എഴുത്തുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും ചിന്തയ്ക്ക് എതിരായിട്ടാണ് പി.എസ്.സി നിൽക്കുന്നതെങ്കിൽ അതിന് നിലനിൽക്കാൻ അവകാശമില്ലെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. സർക്കാർ സി.എസ്.സിയെ പിരിച്ചുവിടണമെന്നും അടൂർ കൂട്ടിച്ചേർത്തു.
തിരുവോണ നാളിൽ മലയാളഭാഷയ്ക്കായി പട്ടിണിസമരം നടത്താൻ അടൂർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ നിരവധി പേർ പങ്കെടുത്തു. ആരോഗ്യപ്രശ്നങ്ങൾ മറന്ന് കവയിത്രി സുഗതകുമാരിയും സ്ഥലത്തെത്തിയിരുന്നു. പെറ്റമ്മയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും വേണം അല്ലാത്ത പക്ഷം പി.എസ്.സിയെ നമുക്ക് വേണ്ടെന്ന് സുഗതകുമാരി പറഞ്ഞു. മുഖ്യമന്ത്രി ഇടപെട്ട് എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്ന് മുൻമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. കവി വി.മധുസൂദനൻ നായർ, ജോർജ് ഓണക്കൂർ, മധുപാൽ തുടങ്ങി നിരവധി പ്രമുഖർ സമരത്തില്‍ അണിനിരന്നു. തിങ്കളാഴ്ച മുഖ്യമന്ത്രി പി.എസ്.സിയുമായി നടത്തുന്ന ചർച്ചയിൽ അനുകൂല തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷ.