unnao-case

ന്യൂഡൽഹി: ഉന്നാവോ പീഡനക്കേസിലെ വിചാരണ എയിംസ് ആശുപത്രിയിൽ ഒരുക്കിയ താൽക്കാലിക കോടതിയിൽ ഇന്നും തുടരും. പെൺകുട്ടിയുടെയും കേസിലെ പ്രതിയായ മുൻ ബി.ജെ.പി എം.എൽ.എ കുൽദീപ് സിംഗ് സെംഗാറിന്റെയും മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. അടച്ചിട്ട മുറിയിലാണ് വിചാരണ നടക്കുന്നത്.

പ്രത്യേക കോടതി ജഡ്ജി ദീപക് ശർമ്മയാണ് കോടതി നടപടികൾ നിയന്ത്രിക്കുന്നത്. വിചാരണ നടക്കുന്ന സമയത്ത് കോടതിമുറിയിൽ പൊതുജനങ്ങൾക്കും മാദ്ധ്യമങ്ങൾക്കും പ്രവേശനമില്ല. ജൂലായ് 28ന് സഞ്ചരിച്ച വാഹനത്തിൽ ട്രക്കിടിച്ച് കൂടെയുണ്ടായിരുന്ന രണ്ട് ബന്ധുക്കൾ മരിക്കുകയും പെൺകുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. പെൺകുട്ടി ആദ്യം ലഖ്നൗവിലെ കിംഗ് ജോർജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് ഡൽഹിയിലെ എയിംസിലേക്ക് മാറ്റി. ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായതോടെ കഴിഞ്ഞാഴ്ചയാണ് പെൺകുട്ടിയെ ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയത്.

മൊഴിയെഴുക്കാനെത്തിയ സി.ബി.ഐയോട് അപകടത്തിന് പിന്നിൽ ൽദീപ് സിംഗ് സെംഗാറും കൂട്ടാളികളുമാണെന്ന് പെൺകുട്ടി മൊഴനൽകിയിരുന്നു. 2017 ജൂൺ നാലിന് ജോലിയുമായി ബന്ധപ്പെട്ട ആവശ്യത്തിന് വീട്ടിലെത്തിയ പെൺകുട്ടിയെ എം.എൽ.എയായിരുന്ന കുൽദീപ് സിംഗ് സെംഗാർ പീഡിപ്പിച്ചുവെന്നാണ് കേസ്. അന്ന് തനിക്ക് പതിനാറ് വയസായിരുന്നു പ്രായമെന്നും പെൺകുട്ടി പറഞ്ഞിരുന്നു. ബി.ജെ.പി കുൽദീപ് സിംഗിനെ പുറത്താക്കിയിരുന്നു.