dk-sivakumar

ന്യൂഡൽഹി: കള്ളപ്പണക്കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ മകൾ ഐശ്വര്യ ശിവകുമാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. സിംഗപ്പൂരിലെ ബിനാമി പണമിടപാടുമായി ബന്ധപ്പെട്ടാണ് ഐശ്വര്യയെ ചോദ്യം ചെയ്യുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച സമൻസ് നൽകിയിരുന്നു.

ഡൽഹി ഖാൻ മാർക്കറ്റിലെ എൻഫോഴ്സ്മെന്റ് ആസ്ഥാനത്ത് ഇന്ന് രാവിലെ പത്ത് മണിക്ക് ചോദ്യം ചെയ്യൽ ആരംഭിക്കും. സമൻസ് ലഭിച്ചതിന് തൊട്ടുപിന്നാലെ ശിവകുമാറിന്റെ സഹോദരൻ ഡി.കെ സുരേഷ് എം.പി കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി ചർച്ച നടത്തിയിരുന്നു.

2017 ആഗസ്റ്റിൽ അന്ന് കർണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്റെ ഡൽഹിയിലെ വസതിയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചുവെന്നതാണ് കേസ്. തന്റെ സുഹൃത്തായ ഒരു വ്യവസായിയുടെ പണമാണിതെന്നും ഇതുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ശിവകുമാറിന്റെ വിശദീകരണം. പരിശോധനയ്ക്കിടെ ഐശ്വര്യയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റുമായി ബന്ധപ്പെട്ട രേഖകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഐശ്വര്യയെ ചോദ്യം ചെയ്യുന്നത്.

ശിവകുമാറിന്റെ കസ്റ്രഡി കാലാവധി നാളെ അവസാനിക്കും. അതിനാൽ കസ്റ്റഡി കാലാവധി നീട്ടിത്തരണമെന്നാവശ്യപ്പെട്ട് ഡൽഹി റോസ് അവന്യൂ കോടതിയിൽ ഇ.ഡി അപേക്ഷ സമർപ്പിക്കുമെന്നാണ് സൂചന.