മന്ത്രി മേഴ്‌സികുട്ടിയമ്മയുടെ വാഹനം ട്രാഫിക് ബ്ളോക്കിൽ പെട്ടതിനെ തുടർന്ന് പൊലീസുകാരനെ സസ്‌പെൻഡ് ചെയ്‌തത് അടുത്തിടെ വാർത്തയായിരുന്നു. ഏറെ വിവാദമായതോടെ സസ്‌പെൻഷൻ നടപടി പിൻവലിക്കുകയും ചെയ്‌തു. എന്നാൽ തനിക്കെതിരെ മനപൂർവമായി ഉണ്ടാക്കിയ ഒരു പ്രചാരവേലയായിരുന്നു ആ സംഭവമെന്ന് പറയുകയാണ് മന്ത്രി. വാർത്തയാക്കിയത് പൊലീസ് തന്നെയാണെന്നും മെഴ്‌സിക്കുട്ടിയമ്മ ആരോപിച്ചു. കൗമുദി ടിവിയുടെ സ്‌ട്രെയിറ്റ് ലൈൻ അഭിമുഖപരിപാടിയിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.
മെഴ്‌സിക്കുട്ടിയമ്മയുടെ വാക്കുകൾ-
'അതൊരു നിർഭാഗ്യകരമായ പ്രചാരവേലയായിരുന്നു. വാസ്‌തവത്തിൽ ഞങ്ങൾ പത്തനംതിട്ടയിൽ നിന്ന് പുറപ്പെടുമ്പോൾ തന്നെ പൊലീസിൽ റിപ്പോർട്ട് ചെയ്‌തിരുന്നു. അല്ലെങ്കിലും എവിടെ പോകുന്നെങ്കിലും പൊലീസിനെ വിവരം അറിയിക്കാറുണ്ട്. പൈലറ്റ് സ്വീകരിക്കുന്നില്ലെന്നേയുള്ളൂ. അതൊരു റൊട്ടീൻ രീതിയാണ്. ഇതെനിക്കൊരു മരണത്തിന് പോകേണ്ടതുള്ളതുകൊണ്ട്, ആ വീട് എനിക്ക് അറിയാത്തതു കൊണ്ട് അതും മെസേജ് ചെയ്‌തിരുന്നു.
ചക്കുവള്ളി വന്ന് കഴിഞ്ഞിട്ട് ഒരു ഓഡിറ്റോറിയത്തിന് മുന്നിലെത്തിയപ്പോൾ കുറേ സമയം ബ്ളോക്ക്, ആദ്യം ഞാൻ വിചാരിച്ചു ആക്‌സിഡന്റ് എന്തെങ്കിലും നടന്നിട്ടുണ്ടാകുമെന്ന്. പത്ത് മിനുട്ട് കഴിഞ്ഞിട്ടും വണ്ടി നീങ്ങുന്നില്ല. എന്താണ് വണ്ടി നീങ്ങാത്തതെന്ന് അന്വേഷിച്ച് പൊലീസിനെ വിളിച്ചു. പിന്നെയും ഇരുപത് മിനുട്ടോളം കഴിഞ്ഞപ്പോൾ വണ്ടി കുറച്ച് നീങ്ങി തുടങ്ങി. അങ്ങോട്ട് ചെല്ലുമ്പോഴാണ് കാണുന്നത് വലിയൊരു ടൂറിസ്‌റ്റ് ബസ് അവിടെ കൊണ്ടിട്ടിട്ട് ആളെ കയറ്റി കൊണ്ടിരിക്കുകയാണ്. ഡ്രൈവർ മൊബൈലിൽ പാട്ടും കേട്ട് അങ്ങനെ ഇരിക്കുവാണ്. അതായിരുന്നു തടസം. ഞാൻ മാത്രമല്ല ഒരു കിലോമീറ്ററോളം വണ്ടി ബ്ളോക്കായി കഴിഞ്ഞു. നീണ്ട ക്യൂ, പൊലീസുമില്ല.
എന്താണിതെന്നറിയാൻ എസ്.പിയെ വിളിച്ചു. അപ്പോഴാണ് അദ്ദേഹവും പിറകിൽ ബ്ളോക്കിൽ പെട്ടിരിക്കുകയാണെന്ന് അറിഞ്ഞത്. ഞാനപ്പോൾ വിചാരിച്ചത് ഡ്രൈവറെ സസ്‌പെൻഡ് ചെയ്യുമെന്നാണ്. പൊലീസിനെതിരെ നടപടിയുണ്ടാകുമെന്ന് ഓർത്തില്ല. പിന്നീട് വൈകിട്ടാണ് വാർത്ത കേൾക്കുന്നത് പൊലീസുകാരനെ സസ്‌പെൻഡ് ചെയ്‌തുവെന്ന്. എസ്.പിയെ ഞാൻ തിരിച്ചു വിളിച്ചു. സസ്‌പെൻഷനിലേക്ക് പോയത് എന്തിനാണെന്ന് ഞാൻ ചോദിച്ചു. അപ്പോഴാണ് എസ്.പി പറയുന്നത്, വളരെ ഇർ റെസ്‌പോൻസിബിൾ ആയാണ് പെരുമാറിയത്. അതുകൊണ്ടാണ് സസ്‌പെൻഡ് ചെയ്‌തതെന്ന്. അന്നേരം ഞാൻ ഒന്നും മിണ്ടിയില്ല. എന്നാൽ ഇങ്ങനെ വാർത്തയാക്കിയത് പൊലീസ് തന്നെയാണ്. രണ്ടുദിവസം കഴിഞ്ഞ് സസ്‌പെൻഷൻ പിൻവലിക്കാനും ഞാൻ ആവശ്യപ്പെട്ടു.
ഞാൻ ഒരു പൊലീസിന്റെയും പ്രൊട്ടക്ഷനിലല്ല യാത്ര ചെയ്യുന്നത്. വല്ലാതെ ബ്ളോക്ക് വരുമ്പോൾ മാത്രം കുരുക്കഴിക്കാൻ അവർ കൂടെയുണ്ടാകും. അതിനപ്പുറം ഒരു പൊലീസ് പ്രൊട്ടക്ഷനും ആവശ്യപ്പെടാറില്ല. ഞാൻ മാത്രമല്ല ഒരു മന്ത്രിമാരും. അപ്പോൾ നമ്മളെ അറിയാവുന്ന ആളുകൾ ബോധപൂർവമാണ് പോസ്‌റ്റിട്ടത്. അതൊരു പർപ്പസായി നമ്മളെ ആക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ആ ലക്ഷ്യമുണ്ടായിരുന്നതു കൊണ്ടാണ് ഞാൻ മിണ്ടാതിരുന്നത്'.
അഭിമുഖത്തിന്റെ പൂർണരൂപം-