പി.എസ്.സി ഓഫീസിനു മുന്നിൽ ഐക്യ മലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥി മലയാളി വേദി സംസ്ഥാന സെക്രട്ടറി പി.സുഭാഷ് കുമാർ അനുഷ്ടിക്കുന്ന അനിശ്ചിതകാല നിരാഹാര സമരം.
2017 സെപ്തംബർ ഒന്നാം തീയതിയാണ് എസ്. അനിത എന്ന മിടുക്കിയായ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. തമിഴ് നാട്ടിലെ കുഴുമൂർ ഗ്രാമത്തിലെ തമിഴ് മീഡിയം സർക്കാർ സ്കൂളിൽ പഠിച്ച് 98 ശതമാനം മാർക്ക് നേടി ഹയർസെക്കൻഡറി പരീക്ഷ പാസായ ആ ദരിദ്ര വിദ്യാർത്ഥി നീറ്റ് പരീക്ഷയിൽ പുറന്തള്ളപ്പെടുകയുണ്ടായി. അനിതയുടെ ആത്മഹത്യ തമിഴ്നാട്ടിൽ മാത്രമല്ല ഇന്ത്യയൊട്ടാകെ വലിയ പ്രതിഷേധപ്രകടനങ്ങൾക്ക് കാരണമായിത്തീർന്നു.
ഇന്ത്യൻ വിദ്യാഭ്യാസ രീതി രണ്ടുതട്ടിലുള്ള വ്യക്തികളെ നിർമ്മിച്ചെടുക്കുകയും മാതൃഭാഷയിൽ പഠിക്കുന്നവർക്ക് തൊഴിലില്ലാതെ കഷ്ടനഷ്ടങ്ങൾ അനുഭവിക്കേണ്ടി വരികയും ചെയ്യുന്നെങ്കിൽ ആ സാഹചര്യം തീർച്ചയായും മാറിയേ തീരൂ. രണ്ടു വർഷത്തിനു ശേഷം മറ്റൊരു സെപ്തംബറിൽ അതേ രീതിയിൽ ഒരു സമരം കേരളത്തിലും നടന്നുകൊണ്ടിരിക്കുകയാണ്... ഉപജീവനത്തിന് ഒരു ജോലി വേണം. കേരളം വിട്ടുപോകാൻ താത്പര്യമില്ലാത്ത/സാദ്ധ്യതയില്ലാത്ത സാധാരണക്കാരുടെ പ്രതീക്ഷയാണ് സർക്കാർ ജോലി. കേരളത്തിന്റെ സർക്കാർ സർവീസിലേക്ക് ആളെ നിയമിക്കുന്ന പൊതുപരീക്ഷയുടെ ചോദ്യപേപ്പർ മലയാളത്തിൽ കൂടി വേണമെന്ന ആവശ്യം തികച്ചും ന്യായമാണ്.
ഇതിന്റെ അർത്ഥം എല്ലാ സാങ്കേതിക പദങ്ങളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി നൽകണമെന്നല്ല, എല്ലാവർക്കും പരിചിതമായ സാങ്കേതിക പദങ്ങൾ മലയാളം ലിപിയിൽ കൊടുക്കാവുന്നതാണ്. സയൻസ് വിഷയങ്ങളിലെ മിക്ക സാങ്കേതിക പദങ്ങളും യഥാർത്ഥത്തിൽ ലാറ്റിനോ ഗ്രീക്കോ ആണ്, ഇംഗ്ലീഷ് അല്ല. ഇത്തരം ഒരാവശ്യത്തെ ഭാഷാമൗലികവാദം എന്നു വിളിച്ച് ആക്ഷേപിക്കേണ്ടതില്ല. 2050ഓടെ ലോകത്താകമാനമുള്ള 90 ശതമാനം ഭാഷകൾക്കും വംശനാശം സംഭവിക്കുമെന്നാണ് ഗവേഷകർ പ്രവചിച്ചിട്ടുള്ളത്. ഇത് ആരും കരുതിക്കൂട്ടി ചെയ്യുന്ന പാതകമല്ല. സ്വന്തം മാതൃഭാഷ മറ്റൊന്നിനോട് താരതമ്യപ്പെടുത്തുമ്പോൾ മോശപ്പെട്ടതാണെന്ന തോന്നലുണ്ടാകുന്നതുകൊണ്ട്, പല്ലി വാലുമുറിക്കുംപോലെ അതിജീവനത്തിനുവേണ്ടി ആളുകൾ സ്വയം അതിനെ ഉപേക്ഷിച്ചുകളയുന്നതാണ്. ബോധപൂർവമോ അല്ലാതെയോ ഇങ്ങനെ മാതൃഭാഷ നഷ്ടപ്പെടുത്തുന്ന ഒരു സമൂഹം കടുത്ത അപകർഷതകളിലൂടെ കടന്നുപോകേണ്ടി വരുന്നുവെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ക്രമേണ ആത്മവിശ്വാസം പൂർണമായും നഷ്ടപ്പെടുന്ന ഇത്തരം പൊള്ള സമൂഹങ്ങൾക്ക് മൗലികമായ ബൗദ്ധിക നേട്ടങ്ങളൊന്നും തന്നെ കൈവരിക്കാൻ സാധിക്കുകയില്ല. കോളനിവൽക്കരണത്തിന്റെ തുടർച്ചയായി വേണം ഇത്തരം സ്വത്വശോഷണത്തെ കാണേണ്ടത്. ഒരു ഭാഷയും അതിന്റെ സാഹിത്യവും നശിപ്പിക്കുന്നതിലൂടെ ഒരു ജനതയുടെ വിഭവങ്ങളെ എക്കാലവും കൊള്ളയടിക്കാം.
മാതൃഭാഷയിലുള്ള അടിസ്ഥാന വിദ്യാഭ്യാസം തകർത്തുകൊണ്ടല്ലാതെ ലോകവിപണിക്ക് നിലനില്പില്ലെന്നു വരുന്നു. മാതൃഭാഷ പഠിച്ചാൽ ജോലി കിട്ടാൻ പ്രയാസമാണെന്ന അവസ്ഥ വന്നാൽ മാതൃഭാഷയിലുള്ള അടിസ്ഥാന ബോധന സമ്പ്രദായം കുട്ടികൾക്ക് എന്നെന്നേക്കുമായി നിഷേധിക്കപ്പെടും. മലയാളം അറിയില്ല എന്നു പറയുന്നത് അഭിമാനമായും ഇംഗ്ലീഷ് അറിയില്ലെന്നു സമ്മതിക്കേണ്ടി വരുന്നത് ആക്ഷേപമായും കരുതുന്ന ഒട്ടേറെ മലയാളികളെ കണ്ടിട്ടുണ്ട്. മറ്റു രാജ്യങ്ങളിലെ ഉന്നതരായ കലാകാരന്മാരും കലാകാരികളും രാഷ്ട്രീയ നേതാക്കളും കായികതാരങ്ങളും അന്താരാഷ്ട്ര വേദികളിലും അന്യരാജ്യങ്ങളിലും സന്ദർശനം നടത്തുമ്പോൾ അവരുടെ വാക്കുകൾ ഇംഗ്ലീഷിലേക്ക് മാറ്റാൻ ദ്വിഭാഷികൾ ഉണ്ടാകുന്നത് അവർ ബുദ്ധിയില്ലാത്തവരായിട്ടല്ല, പ്രതിഭാശക്തിയുടെ തോതളക്കാനുള്ള മാർഗം ഇംഗ്ലീഷ് പരിജ്ഞാനമാണെന്ന് അവർക്ക് തോന്നിയിട്ടില്ലാത്തതുകൊണ്ടാണത്. നൂറ്റാണ്ടുകളോളം ഇംഗ്ലീഷുകാരുടെ അടിമകളായി കഴിയേണ്ടിവന്നതിന്റെ അധമബോധം ജനിതക ഘടനയിൽപോലും പേറിനടക്കുന്ന മലയാളികൾക്ക് ആ മനോഭാവം ഒരിക്കലും പിടികിട്ടുകയില്ല. ഇംഗ്ലീഷിൽ പ്രാവീണ്യമില്ലാഞ്ഞാൽ മറ്റെന്തെല്ലാം കഴിവുകളുണ്ടെങ്കിലും ഒരാൾ പിന്തള്ളപ്പെടും എന്നതാണ് സമകാലിക ഇന്ത്യൻ യാഥാർത്ഥ്യം. മെക്കാളെയുടെ ചൂരലടിക്കു മുന്നിൽ എസ്.അനിതയെപ്പോലെ അനേകായിരങ്ങൾ ദിവസേന ഇല്ലാതാക്കപ്പെടുന്നു. ഇന്ത്യപോലെയുള്ള ബഹുഭാഷാരാജ്യത്ത് ദ്വിഭാഷികളുടേതായ പുതിയൊരു തൊഴിൽ മേഖല സൃഷ്ടിക്കുന്നതിനെക്കുറിച്ച് ഗവൺമെന്റുകൾക്ക് ചിന്തിക്കാവുന്നതാണ്. നാട്ടിൽ ജോലി ചെയ്ത് ജീവിക്കേണ്ടി വരുന്നത് ഒരു മോശപ്പെട്ട അവസ്ഥയാണെന്ന് വിശ്വസിക്കുന്ന ധാരാളം മദ്ധ്യവർഗ മലയാളികളുണ്ട്. അവസരം ഒത്തുവന്നാൽ അമേരിക്കയിലോ യൂറോപ്പിലോ ഗൾഫ് രാജ്യങ്ങളിലോ പോയി നാലു കാശുണ്ടാക്കി അവിടുത്തെ പൗരത്വവും കരസ്ഥമാക്കിയാൽ മാത്രമേ ജീവിതം സഫലമായെന്ന തോന്നലുണ്ടാകൂ.
ഡോളറിന്റെ തൂക്കം കൊണ്ട് ഹരിച്ചുനോക്കിയാൽ മലയാളം ഒരു മൂല്യം കുറഞ്ഞ ഭാഷ തന്നെയാണ്. മാതൃഭാഷയെ മുലപ്പാലിനോടുപമിച്ചാലും മലയാളിക്ക് ബോദ്ധ്യമാവില്ലെന്നുള്ളതാണ് വാസ്തവം. കാരണം പ്രസവിച്ച് ഏതാനും ആഴ്ചകൾ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ മുത്തശ്ശിമാരെ ഏല്പിച്ച്, വിദേശത്ത് ജോലിക്കുപോകുന്ന അമ്മമാരുടെ കാലമാണിത്. പട്ടിണിപ്പാവങ്ങളല്ല, മക്കൾ വളരുമ്പോൾ 'മാന്യമായി പറഞ്ഞയക്കാനുള്ള തുക" ഉണ്ടാക്കാൻ വിമാനം കയറുന്ന മധ്യവർഗ്ഗ മാതാക്കളാണ്. പൊടിപ്പാൽ കുടിച്ചു വളരുന്ന ആ കുഞ്ഞുങ്ങൾ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ നിന്നല്ലാതെ ബാലപാഠങ്ങൾ നുണയുകയുമില്ല. കേരളത്തിന്റെ പി.എസ്.സി കെ.എ.എസ് പരീക്ഷകൾ മലയാളത്തിൽക്കൂടി വേണമെന്ന ആവശ്യം ഉന്നയിച്ച് കുറേ മനുഷ്യർ നിരാഹാരം കിടക്കവേ ആ വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കാതെ സമരത്തിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കുന്ന വിധം ചിലർ ദുർവ്യാഖ്യാനം ചെയ്യുന്നത് കണ്ടപ്പോൾ ഒരു പഴഞ്ചൊല്ലാണ് ഓർമ്മവന്നത്, 'അമ്മയെത്തല്ലിയാലും രണ്ടു പക്ഷം!" എല്ലാ ജീവിതമൂല്യങ്ങളെയും പണം എന്ന ഒറ്റ ഏകകത്തിലേക്ക് പരിവർത്തനപ്പെടുത്തുകവഴി മാതൃഭാഷയേയും സംസ്കാരത്തെയും പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ ഒരു ജനതയിൽ നിന്ന്, കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല. കേരളചരിത്രത്തിൽ മലയാളി മെമ്മോറിയലിനുള്ള അതേ പ്രാധാന്യം ഈ സമരത്തിനും ഉണ്ടെന്ന് തിരിച്ചറിയാൻ നാം ഇനിയെങ്കിലും വൈകിക്കൂടാ.
(പ്രമുഖ കവയിത്രിയും ഭിഷഗ്വരയുമാണ് ലേഖിക. ഫോൺ: 9495964326)